

ന്യൂഡല്‍ഹി : കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുമായുള്ള ലയനചര്‍ച്ചക്കിടെ, പിള്ളക്കെതിരെ എന്‍സിപി കേന്ദ്രനേതൃത്വത്തിന് കത്ത്. ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധ കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയത്. കേരള കോണ്‍ഗ്രസ് ബിയെ എന്‍സിപിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ കത്തില്‍ ശക്തമായി എതിര്‍ക്കുന്നു.
ഇടമലയാര്‍ വിജിലന്‍സ് കേസില്‍ സുപ്രീംകോടതിയുടെ ശിക്ഷ ലഭിച്ച ആളാണ് ബാലകൃഷ്ണപിള്ള. അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളെ പാര്‍ട്ടിയിലെടുക്കുന്നത് എന്‍സിപിക്ക് ഗുണം ചെയ്യില്ലെന്നും ശരദ്പവാറിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിള്ളയെ പാര്‍ട്ടിയിലെടുത്താല്‍ 2006 ലെ അനുഭവം ഉണ്ടായേക്കാമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അന്ന് ഡിഐസി രൂപീകരിച്ച കരുണാകരന്‍ എന്‍സിപിയില്‍ ലയിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇക്കാര്യം ഓര്‍ത്തുവേണം ബാലകൃഷ്ണപിള്ളയുമായുള്ള ലയനം ചര്‍ച്ച ചെയ്യാനെന്നും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം സൂചിപ്പിക്കുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനെ എതിര്‍ക്കുന്ന വിഭാഗമാണ് ലയനനീക്കത്തെ എതിര്‍ത്ത് കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.
എന്‍സിപി കേരള ഘടകം പിളര്‍പ്പിന്റെ വക്കിലാണ്. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനാണ് ഇതിന് ഉത്തരവാദി. തെരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ ആലിക്കോയ വിഭാഗീയതയുടെ ആളാണ്. യുവജന വിഭാഗത്തിന്റെ ജില്ലാ അധ്യക്ഷന്മാരില്‍ ഒമ്പതില്‍ ഏഴുപേരും ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിള്ളയുടെ പാര്‍ട്ടി എന്‍സിപിയില്‍ ലയിച്ചാല്‍ പാര്‍ട്ടി പ്രതിനിധിയായി കെ ബി ഗണേഷ് കുമാര്‍ മന്ത്രിയാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ലയനനീക്കത്തെ എതിര്‍ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates