തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ധനവകുപ്പ് തീരുമാനം. അന്വേഷണവേളയില്‍ തട്ടിപ്പ് കണ്ടുപിടിച്ച എസ് ടി ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂര്‍ ട്രഷറിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സ്ഥലം മാറ്റാനും ധനവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടാനാണ് തീരുമാനം. ട്രഷറിയില്‍ ഉണ്ടായ സംഭവങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
വഞ്ചിയൂര്‍ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരന്‍ ബിജുലാലിനെ സമ്മറി ഡിസ്മിസലിനു വിധേയനാക്കാന്‍ തീരുമാനിച്ചു എന്നാണ് തോമസ് ഐസക് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഫിനാന്‍സ് സെക്രട്ടറി ആര്‍ കെ സിംഗും എന്‍ഐസി, ട്രഷറി എന്നിവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്മിസലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബര്‍ ക്രൈമാണ് ബിജുലാല്‍ ചെയ്തിട്ടുള്ളതെന്ന് വളരെ വ്യക്തമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
ട്രഷറിയില്‍ ഉണ്ടായ സംഭവങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നതാണ്. ഈ തട്ടിപ്പില്‍ വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
വീണ്ടും ട്രഷറി സോഫ്ട്‌വെയര്‍ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കും. ഇതിനു പുറമേ ഫംങ്ഷന്‍ ഓഡിറ്റ് നടത്തുന്നതിന് എന്‍ഐസിയുടെയും ട്രഷറി ഐടി
സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നല്‍കും. സമാനമായ സംഭവങ്ങള്‍ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാല്‍ കീഴങ്ങുമെന്ന് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കീഴടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബിജുലാല്‍ പണം തട്ടിയത് ഓണ്‍ലൈന്‍ ചീട്ടുകളിക്കായിട്ടെന്നാണ് വിവരം. ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവെന്നാണ് സൂചന. അതേസമയം, ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവോയെന്ന് അറിയില്ലെന്ന് ഭാര്യ പറഞ്ഞു. തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം അറിഞ്ഞിരുന്നില്ലെന്നും ബിജുലാലിന്റെ ഭാര്യ സിനി പറഞ്ഞു.
ട്രഷറി തട്ടിപ്പ് കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സിമി പറഞ്ഞു. കേസായ ശേഷമാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നടക്കം അറിഞ്ഞത്. എത്ര രൂപ എന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നും എപ്പോള്‍ അത് മാറ്റിയെന്നും ഒന്നും ഞാനറിഞ്ഞിട്ടില്ല. ബിജുവേട്ടന്‍ എന്നോട് ഇതേപ്പറ്റി പറഞ്ഞിട്ടില്ലെന്നും സിമി പറഞ്ഞു.
ട്രഷറി തട്ടിപ്പുകേസില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മെയ് 31 നാണ് സബ്ട്രഷറി ഓഫീസര്‍ വിരമിച്ചത്. ഇദ്ദേഹത്തിന്റെ യൂസര്‍നെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു.
എന്നാല്‍ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കില്‍ രണ്ടു കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം സബ്ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറേയും വിജിലന്‍സിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെയും ഭാര്യയുടെയും അക്കൗണ്ട് മരവിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates