തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഇന്നുണ്ടായേക്കും. അന്തിമ ചർച്ചകൾക്കായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും ഇന്ന് ഡൽഹിക്ക് പോകും. പത്തനംതിട്ട സീറ്റിനെ ചൊല്ലിയാണ് ബിജെപിയിൽ തർക്കം നിലനിൽക്കുന്നത്. പി എസ് ശ്രീധരൻപിള്ള, കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവരാണ് പത്തനംതിട്ടയ്ക്ക് വേണ്ടി വാദിക്കുന്നത്.
പത്തനംതിട്ടയിൽ തയ്യാറാക്കിയ സാദ്ധ്യതാപാനലിൽ ആദ്യ പേര് ശ്രീധരൻപിള്ളയുടേതാണ്. രണ്ടാമത് എം ടി രമേശും മൂന്നാമത് സുരേന്ദ്രനുമാണ്. മത്സരിക്കാനില്ലെന്ന് ശ്രീധരൻപിള്ള അനൗപചാരിക ചർച്ചകളിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയേറി. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ടോം വടക്കനും സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന.
മേഖലകൾ തിരിച്ച് നടത്തിയ അഭിപ്രായ രൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരുകൾ വീതം ഉൾപ്പെടുത്തി സംസ്ഥാനത്ത് തയ്യാറാക്കിയ സാദ്ധ്യതാപാനലുകളുടെ അടിസ്ഥാനത്തിലാവും ഡൽഹി ചർച്ചയിൽ അന്തിമതീരുമാനമുണ്ടാവുക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായിട്ടുണ്ട്. ആറ്റിങ്ങലിൽ പി.കെ. കൃഷ്ണദാസിന്റെയും അഡ്വ.ജെ.ആർ. പത്മകുമാറിന്റെയും പേരുകൾ സാദ്ധ്യതാപട്ടികയിലുണ്ട്.
സാധ്യതപട്ടിക ഇപ്രകാരം
തിരുവനന്തപുരം : കുമ്മനം രാജശേഖരൻ, ആറ്റിങ്ങൽ : പി കെ കൃഷ്ണദാസ്, അഡ്വ. ജെ ആർ പത്മകുമാർ, കൊല്ലം: ശ്യാംകുമാർ, സുരേഷ്ഗോപി, ആനന്ദബോസ്, മാവേലിക്കര: പി. സുധീർ, പി.എം. വേലായുധൻ, രാജി പ്രസാദ്, പത്തനംതിട്ട : പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ആലപ്പുഴ: സോമൻ, വെള്ളിയാംകുളം പരമേശ്വരൻ, എറണാകുളം: എ.എൻ. രാധാകൃഷ്ണൻ, ചാലക്കുടി : ടോം വടക്കൻ, ബി. ഗോപാലകൃഷ്ണൻ, തൃശൂർ: കെ. സുരേന്ദ്രൻ, കോഴിക്കോട്: എം.ടി. രമേശ്, വടകര: വി.കെ. സജീവൻ, കണ്ണൂർ: സി.കെ. പത്മനാഭൻ, പാലക്കാട്: ശോഭ സുരേന്ദ്രൻ, കൃഷ്ണകുമാർ, കാസർകോട്: സി. ശ്രീകാന്ത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates