തിരുവനന്തപുരം: ഒരിക്കൽ കൂടി മോദി ഇന്ത്യ ഭരിച്ചാൽ രാജ്യം നശിക്കുമെന്നും ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് അധഃപതിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസാരിക്കവേയാണ് കേന്ദ്ര സർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചത്.
പാവപ്പെട്ടവരെയും സാധാരണക്കാരെയും കൂടുതൽ പാപ്പരാക്കി കോർപ്പറേറ്റുകളെ സഹായിക്കുന്ന ബജറ്റുകളാണ് കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് വഷത്തിനിടെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും പരിഹരിക്കാൻ കേന്ദ്ര സർക്കാരിനായിട്ടില്ല. സമ്പന്നർക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് പണമെടുത്ത് മുങ്ങാൻ സർക്കാർ ഒത്താശ ചെയ്തുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
മതനിരപേക്ഷതയല്ല നാസിസമാണ് ബിജെപി അംഗീകരിക്കുന്നത്. ഘർവാപ്പസിയടക്കം വർഗീയത നിറഞ്ഞാടിയ അഞ്ച് വർഷങ്ങളാണ് കഴിഞ്ഞുപോയത്. ഇനിയും ഒരു തവണ കൂടി മോദി അധികാരത്തിൽ വന്നാൽ രാജ്യം നശിക്കും. അതിനാൽ മതേതര സർക്കാരായിരിക്കണം ഇനി രാജ്യം ഭരിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു
രാജ്യത്തെ നശിപ്പിക്കുന്ന ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് കേന്ദ്രമായി കോൺഗ്രസ് മാറി. ബിജെപിയുടെയും കോൺഗ്രസിന്‍റെയും സാമ്പത്തിക നയം ഒന്നാണ്. മതേരത പാർട്ടിയാണെന്ന് പറയുമ്പോഴും വർഗീയ വാദികൾക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഗോമാതാവിന്‍റെ പേരിൽ അക്രമം നടന്നപ്പോൾ ഗോവധം നിരോധിച്ചവരാണന്ന് പറഞ്ഞ് രംഗത്ത് വന്നവരാണ് കോൺഗ്രസ്. ബാബറി മസ്ജിദ് കേസിൽ രാമക്ഷേത്രം ഞങ്ങൾക്കേ പണിയാനാവൂ എന്നും കോൺഗ്രസ് പറഞ്ഞു. ഇതെല്ലാം വ്യക്തമാക്കുന്നത് കോൺഗ്രസിന്‍റെ വർഗീയ മുഖമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates