ബേക്കറിയിലേക്കുള്ള വെയിൽ മറച്ചു; യുവതിക്ക് കാഴ്ച പോയി

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ റോഡരികിലെ ബേക്കറിക്കു മുന്നിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് കണ്ണിൽ കൊണ്ട് യുവതിയുടെ കാഴ്ച നഷ്ടമായി
ബേക്കറിയിലേക്കുള്ള വെയിൽ മറച്ചു; യുവതിക്ക് കാഴ്ച പോയി
Updated on: 
1 min read

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ റോഡരികിലെ ബേക്കറിക്കു മുന്നിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് കണ്ണിൽ കൊണ്ട് യുവതിയുടെ കാഴ്ച നഷ്ടമായി. തുണി വലിച്ചുകെട്ടാൻ റോഡരികിൽ സ്ഥാപിച്ച ഇരുമ്പു പൈപ്പ് കെടുത്തിക്കളഞ്ഞത് അഞ്ജു എന്ന യുവതിയുടെ ഒരു കണ്ണിന്റെ വെളിച്ചമാണ്. ചെങ്ങന്നൂർ കുമ്പിൾനിൽക്കുന്നതിൽ ജോയിയുടെയും അമ്മിണിയുടെയും ഇളയ മകളായ അഞ്ജു(24) ചങ്ങനാശേരി അംബ ആയുർവേദ ആശുപത്രിയിലെ നഴ്സാണ്. ഈ മാസം ഏഴിന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരും വഴി എംസി റോഡിൽ ചെങ്ങന്നൂർ നഗരത്തിൽ വച്ചാണ് അപകടം.

അഞ്ജു യാത്ര ചെയ്തിരുന്ന കെഎസ്‌ആർടിസി ബസ് മറ്റൊരു വാഹനം കടന്നുപോകാൻ വശത്തേക്ക് ഒതുക്കിയപ്പോഴാണ് അപകടം സംഭവിച്ചത്.  ബേക്കറിയിലേക്ക് വെയിൽ അടിക്കാതിരിക്കാൻ തുണി വലിച്ചു കെട്ടിയ എട്ട് അടിയോളം നീളമുള്ള പൈപ്പിന്റെ അറ്റം അഞ്ജുവിന്റെ കണ്ണിൽ തുളച്ചു കയറുകയായിരുന്നു. 

അപകടം നടന്നിട്ട് 15 ദിവസമായി. കണ്ണിൽ രണ്ട് ശസ്ത്രക്രിയ കഴിഞ്ഞു. മുറിവു കരിഞ്ഞ ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി നോക്കാമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്ന‌ത്. 

ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു തൊട്ടുമുൻപ് അപകടമുണ്ടായതു മാത്രം അഞ്ജുവിന് ഓർമയുണ്ട്. ഇടയ്ക്കു ബോധം വന്നപ്പോൾ അവൾ പറഞ്ഞത് അമ്മയെ ഇപ്പോൾ തന്റെ മുഖം കാണിക്കരുത് എന്നായിരുന്നു. ഹൃദ്രോ​ഗിയായ അമ്മയ്ക്ക് ഇത് സഹിക്കാൻ സാധിക്കില്ല. കൂലിപ്പണിക്കാരനായ അച്ഛൻ കടം വാങ്ങിയാണ് ചികിത്സ നടത്തുന്നത്. ഓരോ വട്ടവും പരിശോധനയ്ക്കു പോകാനും മരുന്നുകൾക്കും നല്ല ചെലവുണ്ട്. ജോലിക്കു പോകാ‍ൻ കഴിയാത്തതിനാൽ ആ വരുമാനവുമില്ല. ഒരു ലക്ഷം രൂപയോളം ഇതുവരെ ചെലവായതായും അഞ്ജു പറയുന്നു. ബേക്കറി ഉടമയ്ക്കും ബസ് ഡ്രൈവർക്കും എതിരെ ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല.

കഴിഞ്ഞ മാസം മൂന്നിനായിരുന്നു അഞ്ജുവിന്റെ വിവാഹ നിശ്ചയം. സെപ്റ്റംബറിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. പ്രതിശ്രുത വരൻ മുംബൈയിൽ പുതിയ ജോലിക്കു പ്രവേശിച്ച സമയത്താണ് അഞ്ജുവിന് അപകടമുണ്ടായത്. അതുകൊണ്ട് നാട്ടിലെത്തി അഞ്ജുവിനെ കാണാനായിട്ടില്ല. ഫോണിൽ സംസാരിക്കും. ഇരുട്ടിലായ പകുതിക്കു വെളിച്ചമായി താനുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്കാണ് അഞ്ജുവിന് ധൈര്യം നൽകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com