

കാസര്‍കോട്: എഴുപത്തിരണ്ടാം വയസ്സിലും കൃഷിയും പൊതുപ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോവുകയാണ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍. തുലാപ്പെയ്ത്തിന് മുന്നേ നെല്ല് കൊയ്ത് പത്തായത്തിലാക്കിയതിന്റെ സന്തോഷത്തിലാണ് സിപിഎമ്മിന്റെ ഈ ജില്ലാ നേതാവ്.
അച്ഛന്‍ ചന്തുമണിയാണിയുടെ കൂടെക്കൂടി കുഞ്ഞുനാളിലേ തുടങ്ങിയതാണ് കുഞ്ഞിരാമന്റെ കൃഷിയുമായുള്ള ബന്ധം. വീടിനോട് ചേര്‍ന്നുള്ള രണ്ടേക്കര്‍ വയലിലാണ് കൃഷി. വീട്ടിലേക്കാവശ്യമായ നെല്ല് മാറ്റിവെച്ച് ബാക്കി തൊഴിലാളികള്‍ക്ക് കൂലിയായും കൊടുക്കും.
പനയാല്‍ കൃഷിഭവനില്‍നിന്ന് നല്‍കിയ നാലുപറ ഉമ വിത്താണ് ഇത്തവണ വിതച്ചത്. വിഷുകഴിഞ്ഞ് ലോക്ഡൗണിനിടയില്‍ ഏപ്രില്‍ 16-ന് കന്നിമണ്ണില്‍ വിത്തെറിഞ്ഞു. കോഴിവളവും ചാണകവുമിട്ട് പാകപ്പെടുത്തിയ രണ്ടേക്കര്‍ മണ്ണില്‍ മഴ തുടങ്ങിയതോടെ പറിച്ചുനട്ടു. പള്ളിക്കര പഞ്ചായത്തില്‍നിന്ന് തൊഴിലുറപ്പ് തൊഴിലാളികളെത്തിയാണ് പണി പൂര്‍ത്തിയാക്കിയത്. സഹോദരങ്ങളായ കെ ദാമോദരനും കെ നാരായണനും കെ കാര്‍ത്ത്യായനിയും ഭാര്യ പി പദ്മിനിയും വയലിലെ കാര്യങ്ങള്‍ക്കെല്ലാം കുഞ്ഞിരാമനൊപ്പമുണ്ടാകും. ഞാറ് വളര്‍ന്നുതുടങ്ങിയപ്പോള്‍ തുടങ്ങിയ കീടശല്യം തീര്‍ക്കാന്‍ കൃഷി ഓഫീസര്‍ കെ വേണുഗോപാലന്‍ ജൈവകീടനാശിനിയുമായെത്തി.
ഒക്ടോബര്‍ ഒന്‍പതിനാണ് കൊയ്ത്ത് തുടങ്ങിയത്. യന്ത്രത്തിനായി കാത്തിരുന്നെങ്കിലും അത് എത്തില്ലെന്നായതോടെ എംഎല്‍എ ബന്ധുക്കളെയും തൊഴിലാളികളെയുംകൂട്ടി അരയും തലയും മുറുക്കി കൊയ്ത്തിനിറങ്ങി. മെതിക്കാനും ആരെയും കാത്തുനിന്നില്ല. വയലില്‍ കല്ലുവെച്ച് കറ്റതല്ലി മെതിക്കാനും കുഞ്ഞിരാമന്‍ മുന്നില്‍നിന്നു. ഇക്കുറി 200 പറ നെല്ലാണ് കിട്ടിയതെന്നും മഴ ചതിച്ചില്ലായിരുന്നെങ്കില്‍ വിളവ് ഇതിലും കൂടുമായിരുന്നെന്നും എംഎല്‍എ പറഞ്ഞു. പച്ചക്കറി വിത്തിടാന്‍ വയലില്‍ വെള്ളം വലിയാന്‍ കാത്തിരിക്കുകയാണ് എംഎല്‍എ ഇപ്പോള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates