

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മദ്യപിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീറാം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി.അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നു വ്യക്തമാക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഏഴ് പേജുള്ള വിശദീകരണക്കുറിപ്പാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ കുറിപ്പ് പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ സമിതി മുന്‍പാകെ വിശദീകരണം നല്‍കുന്നതിന് അവസരം നല്‍കും. ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാല്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാനാണ് സാധ്യത. ഓഗസ്റ്റ് 3 രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969 ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് റൂള്‍ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദീകരണവും തേടിയിരുന്നു.
മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
മ്യൂസിയത്തിനു സമീപം പബ്ലിക്ക് ഓഫിസിനു മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കവടിയാറിലെ ഫ്‌ലാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം. അപകടമുണ്ടായ ഉടനെ യുവതിയെ പൊലീസുകാര്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ത പരിശോധന പൊലീസ് ആവശ്യപ്പെട്ടില്ല. എന്നിട്ടും മദ്യത്തിന്റെ മണമുണ്ടെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.
ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പൊലീസ് അനുവദിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും രക്തം പരിശോധിക്കാന്‍ സമ്മതിച്ചില്ല. പരിശോധന മണിക്കൂറുകളോളം വൈകിപ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നു പിറ്റേന്നു രാവിലെ പത്തോടെയാണ് ജനറല്‍ ആശുപത്രിയില്‍നിന്ന് ജീവനക്കാര്‍ സ്വകാര്യ ആശുപത്രിയിലെത്തി രക്തം ശേഖരിച്ചത്.
കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലാണ് രക്തം പരിശോധിച്ചത്. മദ്യത്തിന്റെ സാന്നിധ്യമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എഫ്‌ഐആര്‍ രേഖപ്പെടുത്തുന്നതിലും പൊലീസിനു വീഴ്ച വന്നു. രാത്രി 12.55ന് നടന്ന അപകടം എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രാവിലെ 7.17ന് എന്നാണ്. െ്രെകംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates