മാനന്തവാടി: വയനാട്ടിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മാനന്തവാടി അമ്പുകുത്തി കല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50), പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചന്‍ (55) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉണ്ണികൃഷ്ണനെ (50) മൈസൂരു റോഡിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫൊറന്‍സിക് വിഭാഗവും നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ചൊവ്വാഴ്ചതന്നെ വാസുവിനെയും തങ്കച്ചനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊല്ലപ്പെട്ട ഉണ്ണികൃഷ്ണനും വാസുവും തങ്കച്ചനും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാപൊലീസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞു. സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ട്. സംഭവദിവസം ഇവര്‍ രണ്ടു തവണ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു.
മദ്യലഹരിയില്‍ തര്‍ക്കമുണ്ടായപ്പോള്‍ തങ്കച്ചനും വാസുവും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ ചവിട്ടുകയും തലയില്‍ ഇടിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ തലയ്ക്ക് മുറിവുണ്ടായിരുന്നു. സംഭവസ്ഥലത്ത് അടിപിടി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പത്താമത്തെ വയസ്സില്‍ നാടു വിട്ട ഉണ്ണികൃഷ്ണന്‍ കുറെ വര്‍ഷങ്ങളായി മാനന്തവാടിയില്‍ പഴയ സാധനങ്ങള്‍ പെറുക്കി വിറ്റാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates