തിരുവനന്തപുരം : മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതില്‍ ഇടതു വലതു മുന്നണികള്‍ക്കിടയില്‍ ഭിന്നത. സിപിഐയും ആർഎസ്പിയുമാണ് ഇരുമുന്നണിയിലും ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്നാണ് സിപിഐ നിലപാട്. മരടിലെ ഫ്ലാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഫ്ലാറ്റ് നിര്‍മ്മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയെ കാനം കഴിഞ്ഞദിവസം പിന്തുണച്ച് രംഗത്തുവന്നിരുന്നു. സുപ്രിംകോടതി വിധിയെ അനുകൂലിച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും രംഗത്തുവന്നിരുന്നു. വിധി രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനിൽക്കരുത്. ഫ്ലാറ്റ് നിർമ്മാതാക്കളെ കരിമ്പട്ടികയിൽപ്പെടുത്തണം. വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നടപടി എടുക്കണമെന്നും വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
ഫ്ലാറ്റ് വിഷയത്തില്‍ യുഡിഎഫിലും അഭിപ്രായഭിന്നതയുണ്ട്. ആര്‍എസ്പിയാണ് വ്യത്യസ്ത നിലപാടുമായി രംഗത്തുവന്നത്. ഇത് ഫ്ലാറ്റ് ഉടമകൾക്കെതിരെ മാത്രം സ്വീകരിക്കേണ്ട നടപടിയല്ല. ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍, ഇതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെന്നാണ് ആര്‍എസ്പി ആവശ്യപ്പെടുന്നത്. ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും നഷ്ടം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിലുള്ള നിയമലംഘനം പരിഹരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളരുതെന്നും പാര്‍ട്ടി അഭിപ്രായപ്പെടുന്നു.
യുഡിഎഫില്‍ ഈ വിഷയം പൊതു ചര്‍ച്ച ചെയ്യാതെ എംപിമാർ നിവേദനം തയ്യാറാക്കി പ്രധാനമന്ത്രിക്ക് നൽകിയതിലും ആർഎസ്പിക്ക് അതൃപ്തിയുണ്ട്. ഇതേത്തുടർന്ന് പാർട്ടി എംപി എൻ കെ പ്രേമചന്ദ്രൻ നിവേദനത്തിൽ ഒപ്പിട്ടിരുന്നില്ല. എറണാകുളം എംപി ഹൈബി ഈഡന്റെ നേതൃത്വത്തിൽ നിവേദനം തയ്യാറാക്കിയപ്പോൾ, ഇതിൽ സ്വീകരിക്കേണ്ട പൊതു നിലപാട് യുഡിഎഫ് എടുക്കേണ്ടതായിരുന്നു എന്നാണ് ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായം.
മരട് ഫ്ലാറ്റ് വിഷയത്തിൽ യുഡിഎഫ് ചേർന്ന് ചർച്ച ചെയ്ത് ഒരു പൊതു നിലപാട് സ്വീകരിച്ചാൽ, മുന്നണി തയ്യാറാക്കുന്ന എത് നിവേദനത്തിലും പാർട്ടി ഒപ്പിടാൻ തയ്യാറാണെന്നും ആർഎസ്പി നേതൃത്വം സൂചിപ്പിച്ചു. പ്രധാനമന്ത്രിക്ക് എംപിമാർ നൽകിയ നിവേദനത്തിൽ സിപിഎമ്മിന്റെ എഎം ആരിഫ് ഉൾപ്പെടെ 17 എംപിമാരാണ് ഒപ്പിട്ടത്. എൻ കെ പ്രേമചന്ദ്രൻ, ടി എൻ പ്രതാപൻ, രാഹുൽഗാന്ധി എന്നീ എംപിമാരാണ് ഒപ്പിടാതിരുന്നത്.
മരട് ഫ്ലാറ്റ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും വ്യത്യസ്ത അഭിപ്രായവുമായി മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത സുധീരൻ, വിഷയത്തിൽ കുറ്റവാളികൾ ഫ്ലാറ്റ് നിർമ്മാതാക്കളാണെന്ന് കുറ്റപ്പെടുത്തി. ഫ്ലാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനും, കെട്ടിടം പൊളിച്ചുനീക്കുന്നതിനുമുള്ള പണം നിർമ്മാതാക്കളിൽ നിന്നും ഈടാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഇതിനിടെ മുന്നണിയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുക ലക്ഷ്യമിട്ട് നേതാക്കളുടെ യോഗം ഉച്ചയ്ക്ക് യുഡിഎഫ് വിളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates