കൊച്ചി: മരണത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകിയ കെൽവിന്റെ ജീവിതം ഇനി തുടിക്കുന്ന ഓർമ്മ. മരിക്കുന്നവരുടെ അവയവങ്ങൾ ദാനം ചെയ്‌താൽ ഒരുപാട്പേർക്ക് ഉപകാരപ്പെടുമല്ലോയെന്ന് കെൽവിൻ ഒരിക്കൽ പറഞ്ഞപ്പോൾ ആ വാക്കുകൾ അറംപറ്റുമെന്ന് പിതാവ് ജോയി കരുതിയിരുന്നില്ല. മസ്‌തിഷ്‌ക മരണം സംഭവിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്യുമ്പോൾ ജോയി ഒന്നേ പറഞ്ഞുള്ളു, 'അവൻ പോയി. അവയവങ്ങളിലൂടെയെങ്കിലും എനിക്ക് അവനെ വീണ്ടും കാണാമല്ലോ'.
ഇന്നലെ മണ്ണിലേക്ക് മടങ്ങിയ കെൽവിന്റെ ഇരു കൈകളും ഹൃദയവും കരളും കണ്ണുകളും വൃക്കകളും ചെറുകുടലും ഇനിയും മറ്റുള്ളവരിൽ ജീവിക്കും. മറ്റൊരാളിൽ തുന്നിച്ചേർത്ത മെൽവിന്റെ രണ്ടു കൈകളിൽ വീണ്ടും തലോടാൻ മാതാപിതാക്കളായ ജോയിയും മാർഗരറ്റും അമൃത ആശുപത്രിയിൽ വീണ്ടുമെത്തും.
വടക്കൻ പറവൂർ കൈതാരം ചെറിയപ്പിള്ളി വലിയപറമ്പിൽ കെൽവിൻ (39) ഓഹരി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. വ്യാഴാഴ്ച കുളി കഴിഞ്ഞ് മുറിയിൽ ഇരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അമൃത ആശുപത്രിയിലെത്തിച്ചു. തലച്ചോറിൽ ഞരമ്പു പൊട്ടി അതീവ ഗുരുതരമായിരുന്നു സ്ഥിതി. രണ്ട് ദിവസത്തെ ചികിത്സ ഫലിച്ചില്ല. ശനിയാഴ്ച വൈകിട്ട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മരിക്കുന്നവർ അവയവം ദാനം ചെയ്യണം, വെറുതെ കുഴിച്ചുമൂടുന്നതെന്തിന്, ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നായിരുന്നു മെൽവിന്റെ നിലപാട്. തുടർന്നാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് ജോയി ആശുപത്രി അധികൃതരെ അറിയിച്ചത്.
പുനർജനി വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി അവയവങ്ങളെടുത്തു. രണ്ട് കൈപ്പത്തികൾ അമൃതയിൽ മറ്റൊരാളിൽ ഇന്നലെ തുന്നിച്ചേർത്തു. മറ്റവയവങ്ങൾ ഏഴ് പേർക്ക് കൈമാറും. വികാര നിർഭരമായാണ് കെൽവിന് കൈതാരം ഗ്രാമം ഇന്നലെ യാത്രാമൊഴി ചൊല്ലിയത്. സംസ്കാരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates