

കൊച്ചി: വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ രൂക്ഷമായ പരിഹാസത്തിന്റെ ഒളിയമ്പെയ്ത് സിപിഐ മുഖപത്രം ജനയുഗം. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച പംക്തിയിലാണ് പരിപാടി പാപ്പച്ചന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് സിപിഐ പത്രം മന്ത്രിയെ പരിഹസിക്കുന്നത്.
എന്തുപറഞ്ഞാലും പരിപാടി എന്ന വാക്കില്ലാതെ വര്‍ത്തമാനം പറയാത്തയാള്‍ എന്നാണ് പരിപാടി പാപ്പച്ചനെക്കുറിച്ച് ലേഖനത്തില്‍ പറയുന്നത്. ആ വാക്കില്ലെങ്കില്‍ പകരം വയ്ക്കുന്നത് 'മറ്റേപണി' എന്ന വാക്ക്. നൃത്തസാഹിത്യത്തില്‍ 'ആംഗികം ഭുവനാം യസ്യ വാചികം' എന്ന് പറയാറുണ്ട്. വാക്കിനെക്കാള്‍ ആംഗ്യത്തിനാണ് സംവേദനക്ഷമത കൂട്ടുന്നതെന്നോ മറ്റോ ആണത്രേ അര്‍ത്ഥം. പരിപാടിക്കും പണിക്കുമൊപ്പം ഇഴചേര്‍ന്ന ആംഗ്യഭാഷ കൂടിയായപ്പോള്‍ പരിപാടി പാപ്പച്ചന്‍ കൊണ്ടുകയറി.
സന്ധ്യയ്ക്ക് വീട്ടിലേയ്ക്ക് പോകുന്ന പാപ്പച്ചനോട് എങ്ങോട്ടാ ആശാനേ എന്ന് പരിചയക്കാര്‍ ചോദിച്ചാല്‍ മറുപടി റെഡി. അവിടെ പെമ്പിള കാത്തിരിപ്പുണ്ട്. ഒരു പരിപാടിയുണ്ട്. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ 'അവള്‍ വലിയ പരിപാടിക്കാരത്തി അല്യോ' എന്നാവും മറുപടി. അയലത്തെ ദേവസ്യച്ചേട്ടന്‍ മരിച്ചിട്ടെന്താ പാപ്പച്ചന്‍ ചേട്ടന്‍ ഒന്നവിടെ കയറാത്തതെന്ന് ഒരയല്‍ക്കാരന്‍ ചോദിച്ചു. 'ഓ, അവിടെചെന്നാല്‍ ആ പെമ്പ്രന്നോത്തി കതകടച്ചു കളഞ്ഞാല്‍ പിന്നെ പരിപാടി മറ്റേതാകില്ലേ' എന്ന് പറഞ്ഞ് പാപ്പച്ചന്‍ പണ്ടത്തെ കെ കരുണാകരനെപോലെ കണ്ണിറുക്കിച്ചിരിക്കും. എന്നിട്ട് ഇടത് ഉള്ളം കൈയില്‍ വലതുമുഷ്ടി ചുരുട്ടി ഇടിച്ചിട്ട് പറയും. 'ആ മറ്റേ പണി മനസിലായില്ലേ.'
സഹികെട്ട നാട്ടുകാര്‍ പരിപാടി പാപ്പച്ചനെ കൈകാര്യം ചെയ്യുമെന്നായപ്പോള്‍ സഹോദരങ്ങള്‍ പ്രശ്‌നം തന്തപ്പടിയുടെ മുന്നിലെത്തിച്ചു. ഇതിനിടെ നാട്ടിലെ പെണ്ണുങ്ങളെ മുഴുവന്‍ അഭിസാരികകളാക്കി ചാപ്പകുത്തി പരിപാടി പാപ്പച്ചന്‍ കൊണ്ടുകയറുന്നു. നാട്ടിലാകെ ഇതേച്ചൊല്ലി കലാപമായപ്പോള്‍ പാപ്പച്ചന്റെ വിശദീകരണം. തെറി പറഞ്ഞതുശരിയാ. അത് അവളുമാരുടെ തള്ളമാരെയാ. തള്ളയെന്താ പെണ്ണല്ലേ എന്ന് സഹോദരങ്ങള്‍ ചോദിച്ചപ്പോള്‍ നീയൊക്കെ ശത്രുപക്ഷത്തുനിന്ന് എന്നെ കരിവാരിതേയ്ക്കുവാടാ ചെറ്റകളെ, നിന്നെയൊക്കെ ഊളമ്പാറയിലാ കൊണ്ടിടേണ്ടത് എന്ന് അളന്നു തൂക്കിയ പ്രതികരണം.
നാട്ടുകാരും സഹോദരങ്ങളും ചേര്‍ന്ന് കൈവയ്ക്കുമെന്നായപ്പോള്‍ അപ്പച്ചന്‍ കുടുംബയോഗം വിളിച്ചു. പരിപാടി പാപ്പച്ചാ ഇതെന്നതാടാ ഈ കേള്‍ക്കുന്നതൊക്കെ എന്ന് പിതാവ് ദേവസ്യാച്ചന്‍. 'അപ്പച്ചാ ഇവനൊക്കെ സിപിഐക്കാരാ. ഇവന്മാരെ ഊളമ്പാറയില്‍ തട്ടി അകത്താക്ക് അപ്പച്ചാ.' പാപ്പച്ചന്റെ മറുപടി കേട്ട് അമ്മച്ചിയും അപ്പച്ചനും അന്തിച്ചുനില്‍ക്കുന്നതിനിടയില്‍ കണ്ണിറുക്കി അംഗവിക്ഷേപങ്ങളോടെ പാപ്പച്ചന്‍ ചോദിച്ചു; അമ്മച്ചീ, വൈകിട്ടെന്താ പരിപാടി.
ഇടുക്കിയിലെ ആയിരക്കണക്കായ ഭൂരഹിതരുടെ പ്രശ്‌നം ഒരളവുവരെ പരിഹരിക്കാന്‍ രണ്ടു കുടുംബങ്ങള്‍ മാത്രം മനസുവച്ചാല്‍ മതിയെന്ന നിര്‍ദേശവും ലേഖനത്തിലുണ്ട്. മന്ത്രി മണി സ്‌നേഹാദരപൂര്‍വം വിളിക്കുന്ന സ്‌കറിയാചേട്ടന്‍ വട്ടക്കുന്നേലിന്റെയും മണിയുടെ പൊന്നാനിയന്‍ എം എം ലംബോദരന്റെയും കുടുംബങ്ങള്‍ മാത്രം വിചാരിച്ചാല്‍ നാളെ 22,610 കുടുംബങ്ങള്‍ക്ക് പത്ത് സെന്റ് വീതം ഭൂമി നല്‍കാവുന്നതേയുള്ളൂ. കോടതിയുടേയും റവന്യൂ വകുപ്പിന്റേയും വ്യാജരേഖകള്‍ ചമച്ചത് കണ്ടുപിടിച്ച ഫോറന്‍സിക് വിഭാഗത്തിന്റെയും മുന്നിലുള്ള സംസാരിക്കുന്ന രേഖകളനുസരിച്ച് ഈ രണ്ട് കുടുംബങ്ങളും വെട്ടിപ്പിടിച്ച് കൈവശം വച്ചിരിക്കുന്നത് 22,610 ഏക്കര്‍ ഭൂമി. അതായത് 22.61 ലക്ഷം സെന്റ് സര്‍ക്കാര്‍ ഭൂമി. ഇത് 10 സെന്റ് വീതം ആകാശമേലാപ്പിന് കീഴേ ഒരുതരി മണ്ണ് പോലുമില്ലാത്ത 22,610 പേര്‍ക്ക് പതിച്ച് പട്ടയം നല്‍കണമെന്ന് പറഞ്ഞാല്‍ ഭൂരഹിത കേരളത്തില്‍ അതൊരു സാമൂഹികസാമ്പത്തിക വിപ്ലവമാകും. ഈ വിപ്ലവത്തിന് വിപ്ലവകാരികളായ ലംബോദരനും സ്‌കറിയാ ചേട്ടനും പതാകവാഹകരായാല്‍ പോരേ. നിരണം യാക്കോബായ ഭദ്രാസനാധിപന്‍ പറഞ്ഞപോലെ ഇനി നമുക്ക് കുരിശുകൃഷി മതിയാക്കാം. ജൈവകൃഷി തുടങ്ങാം.
വാതില്‍പ്പഴുതിലൂടെ എന്ന പംക്തിയില്‍ ദേവികയാണ് ലേഖനം എഴുതിയിരിക്കുന്നത്. നേരത്തെ ഇതേ പംക്തിയില്‍ വന്ന സിപിഎമ്മിനെതിരായ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates