

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്നു കാണാതായ ഫയലുകളില്‍ കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന രേഖകളും. 2012 മുതലുള്ള രേഖകളാണ് ഹൈക്കോടതിയില്‍ നിന്നു കാണാതായത്. രേഖകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഹൈക്കോടതി അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഴിമതിക്കേസിലെ വിജിലന്‍സ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണിലുള്ളത്. 2012 മുതല്‍ നല്‍കിയ ഹര്‍ജികള്‍ കോടതിയിലുണ്ട്. ഇവ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകമാണെന്നാണ് കേസ്. ശശീന്ദ്രനെയും രണ്ടുമക്കളെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തേ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ശശീന്ദ്രന്റെയും മക്കളുടെയും മരണം സിബിഐ അന്വേഷിച്ചിരുന്നു. മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി സിബിഐ റിപ്പോര്‍ട്ട് നല്‍കി. മരണത്തിലേക്ക് നയിച്ചത് സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതികളാണെന്ന പരാതി അന്ന് അന്വേഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഫയല്‍ കാണാതായ ഹര്‍ജിയില്‍ വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടാല്‍ മുഴുവന്‍ അഴിമതികളിലേക്ക് അത് നീങ്ങുമെന്നാണ് കരുതുന്നത്.
ഹര്‍ജിയുടെ ഫയലുകള്‍ കാണാതായ സംഭവം ആസൂത്രിതമാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആപത്കരമായ അവസ്ഥയാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. നീതിയുടെ ദേവാലയത്തില്‍ ഇത്തരം ആസൂത്രിത നടപടികള്‍ അനുവദിക്കാനാകില്ല.
ഹൈക്കോടതിയില്‍നിന്നും ഈ ഫയലുകള്‍ കാണാതായത് എങ്ങനെയെന്ന് വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും. വിദഗ്ധരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാം. ശേഷിക്കുന്ന ഫയലുകള്‍ ജുഡീഷ്യല്‍ രജിസ്ട്രാറുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. ഹൈക്കോടതിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്. അതിനാല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ഇടക്കാല ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates