മലയാളിയുടെ മനസ്സ് കുടിയന്റേതു പോലെ; 'വെള്ളമിറങ്ങിയാല്‍' ഒന്നും ഓര്‍മ കാണില്ല; ധര്‍മ്മജന്‍ പറയുന്നു

ഈ ചേരി തിരിവിന്റെയൊക്കെ കഴമ്പില്ലായ്മ മനസ്സിലാക്കാന്‍ ഇതു പോലെ ഒരു പ്രളയം മതിയല്ലോ
മലയാളിയുടെ മനസ്സ് കുടിയന്റേതു പോലെ; 'വെള്ളമിറങ്ങിയാല്‍' ഒന്നും ഓര്‍മ കാണില്ല; ധര്‍മ്മജന്‍ പറയുന്നു
Updated on
1 min read


കൊച്ചി: വീണ്ടും ഒരു മഹാപ്രളയത്തെ കേരളം ഒരേ മനസ്സോടെ അതിജീവിക്കുകയാണ്. എങ്ങുനിന്നും നന്‍മമരങ്ങള്‍ പൂക്കുന്നു. വലിയ നൊമ്പരങ്ങള്‍ക്കിടയിലും അത്തരം വാര്‍ത്തകള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല.  ജാതി, മത, രാഷ്ട്രീയ വകതിരിവുകള്‍ക്കു മീതേ മലയാളി ഒരേ മനസ്സോടെ സഹജീവികള്‍ക്കു വേണ്ടി മനസ്സര്‍പ്പിച്ചിരിക്കുന്ന ദിവസങ്ങള്‍.

ഇപ്പോള്‍ കാണുന്ന ഈ ഒത്തൊരുമയുടെ നന്‍മ കടപുഴകി വീഴുമെന്നു ഭയക്കുന്നവരും കുറവല്ല. മലയാളത്തിന്റെ പ്രിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും വേദനയോടെ തുറന്നു പറയുന്നതും അതു തന്നെ. കഴിഞ്ഞ പ്രളയകാലത്തും ഈ പ്രളയകാലത്തും തന്നെക്കൊണ്ടാകും വിധം സഹായങ്ങളുമായി ദുരിതമേഖലകളിലേക്കോടിയെത്തിയവരില്‍ ഒരാള്‍ മലയാളത്തിന്റെ ഈ ചിരിയഴകായിരുന്നു.

''നമ്മള്‍ കാണുന്നത് അതാണല്ലോ. പ്രളയം വരുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങള്‍ മാറും. രാഷ്ട്രീയക്കാര്‍ തമ്മിലടി, മതങ്ങള്‍ തമ്മിലടി, മതങ്ങള്‍ക്കുള്ളില്‍ ജാതികള്‍ തമ്മിലടി ഒക്കെ തിരിച്ചു വരും. അവന്‍ നായര്, ഇവന്‍ ഈഴവന്‍, മറ്റവന്‍ പുലയന്‍ എന്നൊക്കെ വീണ്ടും ചേരിതിരിക്കും. പ്രളയം വരുമ്പോള്‍ എല്ലാവരും ഒന്നാണ് ദൈവത്തിന്റെ മക്കളാണ് സ്‌നേഹമാണ് എന്നൊക്കെ പറഞ്ഞാലും വീണ്ടും പഴയതിലേക്കു തന്നെയല്ലേ മടങ്ങുക. അതു ശരിക്കും സങ്കടമാണ്.''കുടിയന്‍മാരുടെ വെള്ളമിറങ്ങുന്നതു പോലെയാണിതും. മഴവെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ പഴയതൊന്നും ഓര്‍മ കാണില്ല. അതാണ് തമാശ. വെള്ളം ഉള്ള സമയത്ത് ചെയ്തതൊന്നും മനസ്സിന്‍ നിന്നു മാഞ്ഞു പോയതു പോലെയാണ്''- ധര്‍മ്മജന്‍ പറയുന്നു. 

പ്രളയം കഴിയുമ്പോള്‍ വീണ്ടും പഴയ പോലെ തമ്മില്‍ തല്ലിയിട്ട് എന്താണ് ഗുണം, ദോഷമല്ലാതെ. തമ്മില്‍ തല്ലിയിട്ടും കൊന്നിട്ടും എന്തു നേടാന്‍. ചെറുതായൊന്നു ചിന്തിച്ചാല്‍ പോലും വലിയ മാറ്റം വരില്ലേ. ഈ ചേരി തിരിവിന്റെയൊക്കെ കഴമ്പില്ലായ്മ മനസ്സിലാക്കാന്‍ ഇതു പോലെ ഒരു പ്രളയം മതിയല്ലോ. അതു തിരിച്ചറിയാത്തതെന്താ. പക്ഷേ എനിക്കുറപ്പില്ല, പഠിക്കില്ല. മലയാളിയായതു കൊണ്ട് ഒന്നും പറയാനാകില്ല. കുറേ പേരെങ്കിലും ഈ നന്‍മ മനസ്സില്‍ കാത്തു സൂക്ഷിക്കും എന്നു പ്രതീക്ഷിക്കാം. അവരെങ്കിലും തിരികെ പഴയതിലേക്കു പോകാതിരിക്കട്ടെ.

കഴിഞ്ഞ പ്രാവശ്യം എല്ലായിടത്തും ഓടിയെത്താന്‍ പറ്റി. ഈ വട്ടം സിനിമയുടെ തിരക്കിലായി. ഷൂട്ട് ഇന്‍ഡോറിലായതിനാല്‍ മുടങ്ങിയിട്ടില്ല. രണ്ടു മൂന്നു ദിവസം ഗ്യാപ്പുണ്ട്. അപ്പോള്‍ സജീവമായി രംഗത്തുണ്ടാകും. പക്ഷേ, ഇപ്പോഴും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

''ഇപ്രാവശ്യം ദൈവം സഹായിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ തവണ പെട്ടു പോയി. ഞാനിപ്പോള്‍ അഭിനയിക്കുന്ന 'ധമാക്ക'യുടെ അണിയറ പ്രവര്‍ത്തകരും സുഹൃത്തുക്കളും തൃശൂര്‍ പ്രസ്‌ക്ലബും ചേര്‍ന്ന് 6 ലക്ഷം രൂപയുടെ സാധനങ്ങള്‍ ക്യാംപുകളിലേക്കു കൊടുത്തു. എന്റെ 'ധര്‍മൂസ് ഫിഷ് ഹബി'ന്റെ പതിനൊന്നു ഷോപ്പുകളിലും കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ലഭിക്കുന്ന സാധനങ്ങള്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കും. കഴിഞ്ഞ പ്രാവശ്യം ഞാനും പിഷാരടിയുമൊക്കെ ചേര്‍ന്ന് ധാരാളം സഹായങ്ങള്‍ പലയിടങ്ങളിലായി എത്തിച്ചിരുന്നു. കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇപ്രാവശ്യവും അതിനു കുറവു വരില്ല ധര്‍മ്മജന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com