കോതമംഗലം: കനത്ത മഴയിൽ വൻ നാശനഷ്ടം. നേര്യമംഗലത്തിനു സമീപം നീണ്ടപാറയിലും ചെൻപൻകുഴിയിലും ഉരുൾപൊട്ടലുണ്ടായി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ചെൻപൻകുഴിയിൽ രണ്ടു വീടുകൾ ഭാഗികമായി നശിച്ചു. തൊഴുത്തിൽ കെട്ടിയിരുന്ന പശു മല വെള്ളത്തിൽപ്പെട്ടു ചത്തു. ഒരു കിടാവും വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ആളപായമില്ല.
നീണ്ടപാറ ഡബിൾ കുരിശിനു സമീപം പൻപുഹൗസ് റോഡിൽ അര കിലോമീറ്റർ മാറി ജനവാസ മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നഗരംപാറ റിസർവ് വനത്തിൽ നിന്നാണ് ഉരുൾപ്പൊട്ടിയതെന്നാണു നിഗമനം. വനത്തിനു താഴെ താമസിക്കുന്ന കൊച്ചുതൊട്ടിയിൽ സണ്ണിയുടെ വീടിന്റെ ഒരുഭാഗവും തൊഴുത്തും മലവെള്ളത്തിൽ കല്ലും മണ്ണും വന്നിടിച്ചു തകർന്ന നിലയിലാണ്.
നേര്യമംഗലം-ഇടുക്കി റോഡിനു സമീപം ഉരുൾപൊട്ടിയതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭീഷണിയിലായി. ഉൗന്നുകൽ പൊലീസും കോതമംഗലത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലും വൈദ്യുത ലൈൻ പൊട്ടിയതും കാരണം പരിസരത്തേക്ക് അടുക്കാൻ ആദ്യം സാധിച്ചിട്ടില്ല. രാത്രിയോടെയാണ് ഉരുൾപൊട്ടിയ വിവരം ജനങ്ങൾ അറിയുന്നത്. വൈകിട്ട് 5.30 മുതൽ നേര്യമംഗലം മേഖലയിൽ കനത്തമഴയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates