

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലിലൂടെ 'മാഡം' വീണ്ടും ചര്‍ച്ചാ കേന്ദ്രമാവുന്നു. മാഡം സിനിമാ നടിയാണെന്നും ബുധനാഴ്ച ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നുമാണ് പള്‍സര്‍ സുനി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണിത്. അതേസമയം മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ജാമ്യഹര്‍ജിയെ നേരിടാനുള്ള പൊലീസിന്റെ തന്ത്രമാണെന്നും സൂചനകളുണ്ട്.
വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം നേടിയ കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാഡത്തെക്കുറിച്ചുള്ള പള്‍സര്‍ സുനിയുടെ പ്രതികരണം. നേരത്തെ കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കെട്ടുകഥയല്ലെന്ന് സുനി പറഞ്ഞിരുന്നു. ദിലീപ് പുതിയ വാദമുഖങ്ങളുമായി രണ്ടാം ജാമ്യാപേക്ഷ സമര്‍ക്കുന്നതിന്റെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മാഡത്തെക്കുറിച്ച് സുനി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതു പൊലീസ് തന്ത്രമാണെന്ന് സംശയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ സാഹചര്യമാണ്. മാഡത്തെ പിടികൂടേണ്ടതുണ്ട് എന്നു ചൂണ്ടിക്കാട്ടിയായിരിക്കും പൊലീസ് പുതിയ ജാമ്യാപേക്ഷയെ എതിര്‍ക്കുകയെന്ന് ഇവര്‍ പറയുന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് ദീലീപ് രണ്ടാം ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. പള്‍സര്‍ സുനിയുടെ ഭീഷണിയെക്കുറിച്ച് പരാതി നല്‍കാന്‍ വൈകി, ഇരുവരെയും ഒരേ ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തി തുടങ്ങിയ കാര്യങ്ങളെ ജാമ്യാപേക്ഷയില്‍ ഖണ്ഡിച്ചുണ്ട്്. ഭീഷണി വന്നതിനു പിന്നാലെ തന്നെ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്കു പരാതി നല്‍കിയിരുന്നുവെന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ നടന്ന ദിവസങ്ങളില്‍ ദിലീപ് ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും അതേ പരിപാടിയില്‍ പങ്കെടുത്ത നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന സുനി അവിടെ വന്നിരിക്കാമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഇതെങ്ങനെ ഗൂഢാലോചനയ്്ക്കു തെളിവാകും എന്നാണ് ദിലീപ് ചോദിക്കുന്നത്.
നേരത്തെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടും. ദിലീപിന്റെ മാനേജരും സഹായിയുമായ അപ്പുണ്ണിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നതായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അപ്പുണ്ണി അന്വഷണ സംഘത്തിനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. വീണ്ടും ആവശ്യപ്പെടുമ്പോള്‍ എത്താമെന്ന് അപ്പുണ്ണി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല എന്നതായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നതിന് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി സുനില്‍ കുമാറിന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ലെങ്കിലും മൊബൈല്‍ എവിടെയുണ്ട് എന്നതു സംബന്ധിച്ച് സൂചനയൊന്നും കണ്ടെത്താനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇതേ കാര്യം വീണ്ടും കോടതിയില്‍ ഉന്നയിക്കില്ലെന്നും ദീലീപിന്റെ അഭിഭാഷകര്‍ കരുതുന്നു.
ആദ്യത്തെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ടു സാഹചര്യവും നിലനില്‍ക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടയിലാണ് മാഡത്തിനെ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തല്‍ പള്‍സര്‍ സുനി നടത്തിയിരിക്കുന്നത്. മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ തേടി സിനിമാ രംഗത്തെ പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ കാക്കനാട്ടെ കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ എത്തിയെന്ന സൂചനകളെത്തുടര്‍ന്ന് കാവ്യയെയും മാതാവ് ശ്യാമളയെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ പൊലീസിനു ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ഗൂഢാലോചനയുമായി ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ദിലീപും കാവ്യാ മാധവനുമായി അടുത്ത സൗഹൃദമുള്ള റിമി ടോമിയില്‍നിന്നും പൊലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. റിമിയാണ് മാഡം എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ദിലീപുമായി ഒരു സാമ്പത്തിക ബന്ധവുമില്ലെന്നു വ്യക്തമാക്കി റിമി തന്നെ രംഗത്തുവരികയും ചെയ്തു.
നിയമസഹായം തേടിയെത്തിയ സുനിയുടെ കൂട്ടാളികള്‍ മാഡത്തിനോടു ചോദിക്കട്ടെ എന്നു പറഞ്ഞതായി അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് തുടക്കത്തില്‍ ആദ്യവെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ സുനി ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല. ഇപ്പോള്‍ അപ്രതീക്ഷിതമായി സുനി മാഡത്തെക്കുറിച്ച് പറഞ്ഞത് പൊലീസിന്റെ ആസൂത്രിത നീക്കമാണെന്നാണ് സംശയങ്ങള്‍ ഉയരുന്നത്. മാഡത്തിനെ കണ്ടെത്തേണ്ടതുണ്ട് എന്നു ചൂണ്ടിക്കാട്ടി ദിലീപിന്റെ പുതിയ ജാമ്യഹര്‍ജിയെ പൊലീസിന് എതിര്‍ക്കാനാവും. ദിലീപ് പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ഇടയാക്കുമെന്ന് പൊലീസിന് ആശങ്കയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു തന്ത്രം പ്രയോഗിച്ചത് എന്നാണ് സൂചനകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates