മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം ഹാദിയ മറന്ന് പോകരുത്: കെടി ജലീല്‍

ഹിന്ദു സംഘികളുടെ പിടുത്തത്തില്‍ നിന്ന് അശോകനും മുസ്ലിം സംഘികളുടെ കെട്ടുപാടുകളില്‍ നിന്ന് ഹാദിയയും മുക്തമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്
മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം ഹാദിയ മറന്ന് പോകരുത്: കെടി ജലീല്‍
Updated on
3 min read


മലപ്പുറം: ഹാദിയയെ പച്ചയും അശോകനെ കാവി പുതപ്പിക്കുന്നവരോടും സവിനയം മന്ത്രി കെടി ജലീല്‍ പറയുന്നത് ഇങ്ങനെയാണ്. ഒരുപാട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള നാടാണ് ഇന്ത്യ . ഇന്നിവിടെയുള്ള 99% ഹൈന്ദവേതര മത വിശ്വാസികളുടെ പൂര്‍വ്വികരൂം പ്രാചീന ഇന്ത്യന്‍ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് വന്നിട്ടുള്ളവരാണ് . അവയൊന്നും രാജ്യത്ത് ഒരു തരത്തിലുള്ള സംഘര്‍ഷവും അകല്‍ച്ചയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടില്ല . ഒരു പ്രവാചകനും വേദഗ്രന്ഥവും സ്വര്‍ഗ്ഗലബ്ധി സാദ്ധ്യമാകാന്‍ സഹോദര മതസ്ഥനായ ഒരാളെ തന്റെ മതത്തിലേക്ക് കൊണ്ട് വരണമെന്ന് നിബന്ധന വെച്ചിട്ടില്ലെന്നതാണ്.

നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളര്‍ത്തിയ പിതാവിനും മക്കള്‍ കൈവിട്ടു പോകുമ്പോഴുള്ള ഹൃദയവേദന ലോകത്തേത് മാപിനി വെച്ച് നോക്കിയാലും അളന്ന് തിട്ടപ്പെടുത്താനാവില്ല. 'ആരാന്റെമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലെന്ന് '' നാട്ടിലൊരു ചൊല്ലുണ്ട് . ഹാദിയയെ മുന്‍നിര്‍ത്തി ആദര്‍ശ വിജയം കൊണ്ടാടുന്നവര്‍ മറിച്ച് സംഭവിക്കുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ സ്ഥാനത്ത്‌നിന്ന് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കും. ഒരാളുടെ വേദനയും കണ്ണുനീരും ഒരു ദര്‍ശനത്തിന്റെയും വിജയമോ പരാജയമോ ആയി ആഘോഷിക്കപ്പെട്ട്കൂട . മാധവിക്കുട്ടി കമലാസുരയ്യയായപ്പോള്‍ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം അഖില ഹാദിയയായപ്പോള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ മടിച്ച് നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളില്‍ ആര്‍ത്തിരമ്പുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ആര്‍ക്കെങ്കിലും ഇല്ലാതെ പോയെങ്കില്‍ , പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല അവനവനെത്തന്നെയാണ് .

എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയില്‍ ഒരഭ്യര്‍ത്ഥനയേ എനിക്കുള്ളു . ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു . അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം . മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുതെന്നും ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

കെ ടി ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഹാദിയയെ പച്ചയും ( ലീഗിന്റെ പച്ചയല്ല )
അശോകനെ കാവിയും ( ഞടട ന്റെ കാവി )
പുതപ്പിക്കുന്നവരോട് സവിനയം ..

ഒരുപാട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള നാടാണ് ഇന്ത്യ . ഇന്നിവിടെയുള്ള 99% ഹൈന്ദവേതര മത വിശ്വാസികളുടെ പൂര്‍വ്വികരൂം പ്രാചീന ഇന്ത്യന്‍ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് വന്നിട്ടുള്ളവരാണ് . അവയൊന്നും രാജ്യത്ത് ഒരു തരത്തിലുള്ള സംഘര്‍ഷവും അകല്‍ച്ചയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടില്ല . ഒരു പ്രവാചകനും വേദഗ്രന്ഥവും സ്വര്‍ഗ്ഗലബ്ധി സാദ്ധ്യമാകാന്‍ സഹോദര മതസ്ഥനായ ഒരാളെ തന്റെ മതത്തിലേക്ക് കൊണ്ട് വരണമെന്ന് നിബന്ധന വെച്ചിട്ടില്ല. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ മതങ്ങങ്ങളും വേദപ്രമാണങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരിലൂടെ ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമായിട്ടുള്ളതാണെന്ന് കരുതിയാല്‍ തീരുന്ന പ്രശ്‌നമേ നാട്ടിലുള്ളു .

ഇസ്ലാമതം സ്വീകരിക്കാതെ മരണപ്പെട്ട് പോയ അബൂത്വാലിബിനെ മുഹമ്മദ് നബി തള്ളിപ്പറയുകയോ വെറുക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം . ഇസ്ലാമിന്റെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ഒരുപാട് സഹായം ചെയ്ത അമുസ്ലിമായിരുന്നുവല്ലോ അദ്ദേഹം . ഇന്ത്യാമഹാരാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരും അബൂത്വാലിബ് മാരാണെന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിന്റെ പേരില്‍ എന്ത് പഴി കേള്‍ക്കേണ്ടി വന്നാലും അതേറ്റുവാങ്ങാന്‍ എനിക്കശേഷം മടിയുമില്ല . ഇഷ്ടപ്പെട്ട വിശ്വാസം വരിക്കാന്‍ ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ട് . അതാരെയും വേദനിപ്പിച്ച്‌കൊണ്ടോ ബഹുസ്വര സമൂഹത്തില്‍ അകല്‍ച്ച സൃഷ്ടിച്ച്‌കൊണ്ടോ ആകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം .

നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളര്‍ത്തിയ പിതാവിനും മക്കള്‍ കൈവിട്ടു പോകുമ്പോഴുള്ള ഹൃദയവേദന ലോകത്തേത് മാപിനി വെച്ച് നോക്കിയാലും അളന്ന് തിട്ടപ്പെടുത്താനാവില്ല. 'ആരാന്റെമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലെന്ന് '' നാട്ടിലൊരു ചൊല്ലുണ്ട് . ഹാദിയയെ മുന്‍നിര്‍ത്തി ആദര്‍ശ വിജയം കൊണ്ടാടുന്നവര്‍ മറിച്ച് സംഭവിക്കുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ സ്ഥാനത്ത്‌നിന്ന് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കും. ഒരാളുടെ വേദനയും കണ്ണുനീരും ഒരു ദര്‍ശനത്തിന്റെയും വിജയമോ പരാജയമോ ആയി ആഘോഷിക്കപ്പെട്ട്കൂട . മാധവിക്കുട്ടി കമലാസുരയ്യയായപ്പോള്‍ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം അഖില ഹാദിയയായപ്പോള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ മടിച്ച് നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളില്‍ ആര്‍ത്തിരമ്പുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ആര്‍ക്കെങ്കിലും ഇല്ലാതെ പോയെങ്കില്‍ , പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല അവനവനെത്തന്നെയാണ് .

എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയില്‍ ഒരഭ്യര്‍ത്ഥനയേ എനിക്കുള്ളു . ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു . അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം . മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുത് . ഒരാളെ സംബന്ധിച്ചേടത്തോളം എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റാം . ഭാര്യാ  ഭര്‍തൃ ബന്ധം വരെ . മരണത്തിന് പോലും അറുത്തെറിയാന്‍ പറ്റാത്തതാണ് മാതൃ  പിതൃ ബന്ധങ്ങള്‍ . മാതാവിനോട് ' ഛെ ' എന്ന വാക്കുപോലും ഉച്ഛരിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി അമ്മയുടെ കാല്‍ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗമെന്നും അരുള്‍ ചെയ്തു . വിശുദ്ധ യുദ്ധത്തേക്കാള്‍ പവിത്രമാണ് പ്രായമായ മാതാപിതാക്കളെ പരിപാലിക്കലെന്നും പറഞ്ഞ പ്രവാചകന്‍ , പക്ഷെ ഇവിടെയൊന്നും മാതാവ് സ്വന്തം മതക്കാരിയാകണമെന്ന വ്യവസ്ഥ വെച്ചിട്ടില്ലെന്ന് കൂടി ഓര്‍ക്കണം .

അഖിലയുടെ അല്ലെങ്കില്‍ ഹാദിയയുടെ വിശ്വാസസ്വാതന്ത്ര്യം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. അത്‌പോലെത്തന്നെ പരിഗണിക്കപ്പെടേണ്ടതല്ലേ കരഞ്ഞ്കലങ്ങിയ ഒരച്ഛന്റെയും അമ്മയുടേയും കണ്ണുകളും ദുഃ:ഖഭാരത്താല്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളും ? ഹാദിയയെ പച്ചപുതപ്പിക്കുന്നവരും (ലീഗിന്റെ പച്ചയല്ല) അശോകനെ കാവി പുതപ്പിക്കുന്നവരും (RSS ന്റെ കാവി) നാട്ടില്‍ സമാധാനമാഗ്രഹിക്കുന്നവരല്ല . ഹിന്ദു സംഘികളുടെ പിടുത്തത്തില്‍ നിന്ന് അശോകനും മുസ്ലിം സംഘികളുടെ കെട്ടുപാടുകളില്‍ നിന്ന് ഹാദിയയും മുക്തമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത് . ''നാം (ദൈവം) ഉദ്ദേശിച്ചിരുന്നു എങ്കില്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരേയും ഒരേ മതത്തിന്റെ അനുയായികളാക്കാന്‍ നമുക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു'
(വിശുദ്ധ ഖുര്‍ആന്‍) . എല്ലാ വിശ്വാസ ധാരകളും നിലനില്‍ക്കണമെന്നുള്ളത് ദൈവഹിതമാണ് . ബഹുസ്വരതയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ജഗദീശ്വരനാണെന്നര്‍ത്ഥം . എല്ലാം ഒന്നാകണമെന്നും സര്‍വ്വതിനേയും ഏകശിലയിലേക്ക് , സ്വാംശീകരിക്കണമെന്നും വാദിക്കുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദയെന്ന് വിശ്വാസികള്‍ മനസ്സിലാക്കാന്‍ ഇനിയും എത്രകാലമാണ് നാം കാത്തിരിക്കേണ്ടി വരിക ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com