

ന്യൂഡല്‍ഹി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാദം റദ്ദാക്കാനാവുമോയെന്ന്, ഹാദിയ കേസില്‍ സുപ്രിം കോടതി. മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാത്തയാള്‍ക്ക് സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടും രണ്ടാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയും എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിം കോടതി ഉത്തരവു ചോദ്യം ചെയ്തും, ഹാദിയയെ വിവാഹം കഴിച്ച ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിച്ചത്. കേസ് സുപ്രിം കോടതി ഈ മാസം 30ലേക്കു മാറ്റി.
ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ വാദങ്ങള്‍ ഉന്നയിക്കുന്നതിനിടെ ഷഫീന്‍ ജഹാനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയെ പ്രകോപിപ്പിച്ചു. അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും പേരു പരാമര്‍ശിച്ച് ഇവര്‍ കേസില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ദവെ ആരോപിച്ചു. കഴിഞ്ഞ വാദം കേള്‍ക്കലിനിടെയും ദവെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ചില ബിജെപി നേതാക്കളുടെ പേരു പരാമര്‍ശിച്ച് ഇവര്‍ മുസ്ലിം സ്ത്രീകളെയാണ് വിവാഹം കഴിച്ചതെന്നും ഇക്കാര്യത്തില്‍ ഇത്തരത്തിലുള്ള അന്വേഷണമൊന്നും നടന്നില്ലെന്നുമാണ് കഴിഞ്ഞ തവണ വാദത്തിനിടെ ദവെ ചൂണ്ടിക്കാട്ടിയത്. എന്‍ഐഎ ബിജെപിയുടെ കയ്യിലെ കളിപ്പാവയാണെന്നും ദവെ ആരോപിച്ചു. ദവെയുടെ വാദങ്ങളെ എന്‍ഐഎ അഭിഭാഷകന്‍ ചോദ്യം ചെയ്തു. കോടതിയില്‍ ഭരണഘടനാപരമോ നിയമപരമോ ആയ കാര്യങ്ങള്‍ ഉന്നയിക്കാനും രാഷ്ട്രീയം പറയരുതെന്നും ബെഞ്ച് ദവയോട് ആവശ്യപ്പെട്ടു. അഭിഭാഷകര്‍ തമ്മിലുള്ള വാഗ്വാദം തുടര്‍ന്നപ്പോള്‍ ഇത്തരമൊരു അന്തരീക്ഷത്തില്‍ വാദം കേള്‍ക്കാനാവില്ലെന്നു വ്യക്തമാക്കി കോടതി കേസ് 30ലേക്കു മാറ്റുകയായിരുന്നു.
മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാത്ത പ്രായപൂര്‍ത്തിയായ ആള്‍ക്ക് സ്വന്തനിലയ്ക്ക് തീരുമാനങ്ങളെടുക്കാമെന്ന വാദം കോടതി ആവര്‍ത്തിച്ചു. ഹാദിയയെ തടവിലിടാന്‍ പിതാവിന് എങ്ങനെ കഴിയുമെന്നു ചോദിച്ച കോടതി ഇക്കാര്യത്തില്‍ ഹാദിയയുടെ കൂടി അഭിപ്രായം അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചുകൊണ്ട് വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയുടെ നിയമവശം പരിശോധിക്കും.
കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ കോടതി പരിഗണിച്ചില്ല. ഈ ഘട്ടത്തില്‍ കേസില്‍ മറ്റാരെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അഖില എന്ന ഹാദിയയുടെ പിതാവ് അശോകനെയും സംസ്ഥാന സര്‍ക്കാരിനെയും കേട്ട ശേഷമാവും ഹാദിയയെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.
ഹാദിയയെ നേരിട്ടു കണ്ട് മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ നല്‍കിയ അപേക്ഷ സുപ്രിം കോടതി തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates