തിരുവനന്തപുരം ; സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്‌ന സുരേഷും ശിവശങ്കര്‍ ഐഎഎസും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കസ്റ്റംസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ശിവശങ്കര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
അതേസമയം സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ പിണറായി വിജയന്‍ കടുത്ത രോഷത്തിലാണ്. തന്റെ കീഴിലുള്ള ഐടി വകുപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്വപ്നയെ ഉന്നത പദവിയില്‍ നിയമിച്ചതില്‍ മുഖ്യമന്ത്രി ശിവശങ്കറിനോട് വിശദീകരണം തേടിയേക്കും. സിഇഒ പദവിയിലാണ് സ്വപ്നയെ നിയമിച്ചിരുന്നത്.
ഐടി സെക്രട്ടറിയായ ശിവശങ്കര്‍ ഐടി സെക്രട്ടറി പദവിക്ക് പുറമെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും ( ഒഎസ്ഡി) പ്രവര്‍ത്തിച്ചുവരികയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ ഇരുപദവികളില്‍ നിന്നും നീക്കിയേക്കുമെന്നാണ് സൂചന. സര്‍ക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിആരോപണങ്ങളുടെ നടുവിലേക്ക് വലിച്ചിഴച്ചതില്‍ പിണറായിക്കും ഇടതുമുന്നണിയ്ക്കും കടുത്ത അതൃപ്തിയുണ്ട്.
ശിവശങ്കറിനെ പദവികളിൽ നിന്നും മാറ്റിനിർത്തുന്നത് സംബന്ധിച്ച് സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ആശയവിനിമയം നടത്തിയതായാണ് വിവരം . മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരും സ്വർണക്കടത്ത് പ്രതികൾക്ക് വേണ്ടി ഇടപെട്ടതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചു കഴിഞ്ഞു . സ്വർണക്കടത്ത് കേസിൽ തൻറെ ഓഫീസിൽ ആരെങ്കിലും പങ്കാളികളാണെങ്കിൽ അവരെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates