

തിരുവനന്തപുരം : പീഡനപരാതിയില്‍ പികെ ശശി എംഎല്‍എയെ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. സിപിഎം ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് പുറത്തായത്. ഇതില്‍ പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ വാദങ്ങള്‍ കമ്മീഷന്‍ തള്ളുന്നു.
പരാതിക്കാരി അതിക്രമം നടന്നു എന്നത് സംബന്ധിച്ച വ്യക്തമായ തീയതി പരാതിയിലോ മൊഴിയിലോ വ്യക്തമാക്കിയിട്ടില്ല. പരാതി സംബന്ധിച്ച് യുവതിയുടെ വാദങ്ങള്‍ പൊരുത്തപ്പെടുന്നില്ല. പാര്‍ട്ടി ഓഫീസില്‍ വെച്ച് പി കെ ശശി അപമര്യാദയായി പെരുമാറിയെന്ന് കരുതാനാവില്ല.
യുവതിയുടെ പരാതി പ്രകാരം ജില്ലാ സമ്മേളന സമയത്താണ് സംഭവം നടക്കുന്നത്. എന്നാല്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരക്കുള്ള സമയത്ത് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറാന്‍ സാധ്യത കാണുന്നില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പരാതിക്കാരിയോട് ശശി അപമര്യാദയായി പെരുമാറിയെന്നതിന് ദൃക്‌സാക്ഷികളില്ല.
തന്നോട് മോശമായി പെരുമാറിയെന്നും, തനിക്ക് അയ്യായിരം രൂപ നല്‍കിയെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ല. സമ്മേളനത്തോട് അനുബന്ധിച്ച് റെഡ് വളണ്ടിയര്‍മാരെ സജ്ജമാക്കാനാണ് യുവതിക്ക് ശശി പണം നല്‍കിയത്. പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യുവതിയെ ശശി മണ്ണാർക്കാട് പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചത്. മുറിയുടെ വാതിൽ ചാരിയിരുന്നുമില്ല.
ജില്ലാ സമ്മേളന സമയത്ത് യുവതി ഉന്മേഷവതിയായി കാണപ്പെട്ടു. മോശമായ പെരുമാറ്റമുണ്ടായെങ്കില്‍ എങ്ങനെ ഇത്തരത്തില്‍ സന്തോഷവതിയായി പെരുമാറാന്‍ കഴിയുമെന്ന് കമ്മീഷന്‍ ചോദിക്കുന്നു. മാത്രമല്ല ഇക്കാര്യം പെണ്‍കുട്ടി ഒരു ഫോറത്തിലും പരാതിപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ പരാതി നല്‍കിയതും വളരെ വൈകിയാണ്.
പരാതിക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദമുണ്ടോയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പല നേതാക്കളും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുള്ളതായി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്രക്കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരോശോധിക്കണമെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് പി കെ ശശി അപമര്യാദയായി പെരുമാറിയെന്നും, പിന്നീട് ടെലഫോണിലൂടെ മോശം സംസാരം തുടർന്നെന്നുമായിരുന്നു വനിതാ നേതാവ് സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ സംസ്ഥാന നേതൃത്വം പരാതിയിൽ അന്വേഷണം നടത്താതിരുന്നതിനെ തുടർന്ന് യുവതി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകി.
തുടർന്ന് കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മന്ത്രി എ കെ ബാലൻ, പികെ ശ്രീമതി എംപി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച സിപിഎം സംസ്ഥാന സമിതി പി കെ ശശിയെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ശശിക്കെതിരെ കടുത്ത നടപടി വേണ്ടെന്നായിരുന്നു ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വാദിച്ചത്.
നടപടിയെച്ചൊല്ലി അന്വേഷണ കമ്മീഷനിലും ഭിന്നതയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശശിക്കെതിരെ നടപടിയെ എ കെ ബാലൻ എതിർത്തപ്പോൾ, ശക്തമായ നടപടി വേണമെന്ന് പി കെ ശ്രീമതി വാദിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. ശശിയുടെ ഫോൺസംഭാഷണങ്ങളുടെ ഓഡിയോ പകർപ്പുകളും പരാതിക്കാരി അന്വേഷണ കമ്മീഷന് നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates