കഴിഞ്ഞ ദിവസം ഡിസ്ലെക്‌സിയ ബാധിച്ചവരെ കളിയാക്കിയ പ്രധാനമന്ത്രിയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പരിഹസിക്കാനായി ഡിസ്ലെക്‌സിയയെ ഉപയോഗിച്ചത്. ലേണിങ് ഡിസബിലിറ്റിയുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രൊജക്റ്റിനെക്കുറിച്ച് വിദ്യാര്‍ത്ഥി സംസാരിക്കുന്നതിനിടെ ആയിരുന്നു പരിഹാസം. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
എഴുതുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. നെല്‍സണ്‍ ജോസഫ് ഫേയ്‌സ്ബുക്കില്‍ എഴുതിയ വിമര്‍ശന കുറിപ്പ് വൈറലാവുകയാണ്. രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാന്‍ ലേണിങ് ഡിസബിളിറ്റിയെ ഉപയോഗിച്ചതിനെ രൂക്ഷഭാഷയിലാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. രാജ്യത്തെ പണക്കാര്‍ക്കു മാത്രം വേണ്ടിയല്ല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും കഴിവ് കുറഞ്ഞവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിക്കൂടിയാണെന്നും അദ്ദേഹം കുറിച്ചു.
ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്
ഇത് എന്തുതരം പ്രധാനമന്ത്രിയാണ്?
കുട്ടികളോട് സംവദിക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒരു കുട്ടി ഡിസ്ലെക്‌സിയ എന്ന പ്രശ്‌നത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു.
സ്റ്റുഡന്റ് : ' ബേസിക്കലി ഞങ്ങളുടെ ആശയം ഡിസ്ലെക്‌സിയ ബാധിച്ചവരുമായി ബന്ധപ്പെട്ടാണ്.. ഡിസ്ലെക്‌സിയ ഉള്ള കുഞ്ഞുങ്ങള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും...പക്ഷേ അവരുടെ ബുദ്ധിയും ക്രിയേറ്റിവിറ്റിയും വളരെ നല്ലതാണ്...താരേ സമീന്‍ പര്‍ സിനിമയിലെ ദര്‍ശീലിന്റെ ക്യാരക്ടര്‍ ക്രിയേറ്റിവിറ്റിയില്‍ വളരെ നല്ലതായിരുന്നതുപോലെ.....'
ഇവിടെവച്ച് പ്രധാനമന്ത്രി ഇടയ്ക്ക് കയറുന്നു.....
പ്രധാനമന്ത്രി : ' പത്തുനാല്‍പ്പത് വയസുള്ള കുട്ടികള്‍ക്കും കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാവുമോ?...'
കൂട്ടച്ചിരി മുഴങ്ങുന്നു...ഒരല്പം സമയം കഴിഞ്ഞ് കയ്യടിയും....
രാഹുല്‍ ഗാന്ധിയെ ആണ് ഉദ്ദേശിച്ചതെന്ന് മനസിലാകാഞ്ഞിട്ടോ കളിയാക്കിയതെന്ന് അറിയാഞ്ഞിട്ടോ ആ വിദ്യാര്‍ഥി ഗുണമുണ്ടാവുമെന്ന് പറയുന്നു...അതിനുശേഷം വിശദീകരിക്കാന്‍ തുടങ്ങുമ്പൊ അടുത്ത മറുപടി....
' ഓഹോ....അങ്ങനെയെങ്കില്‍ അതുപോലത്തെ കുട്ടികളുടെ അമ്മ വളരെ സന്തോഷിക്കും....'
രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നതോ സോണിയ ഗാന്ധിയെ കളിയാക്കുന്നതോ നിങ്ങളുടെ ഇഷ്ടം. അതിന് അര്‍ഹിക്കുന്ന അവജ്ഞ നല്‍കി പുച്ഛിച്ച് തള്ളാന്‍ ജനങ്ങള്‍ക്കറിയാം
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം ഒരു വിദ്യാര്‍ത്ഥി പറഞ്ഞുകൊണ്ടിരിക്കുമ്പൊ അവരെ പരിഹസിക്കുന്നതിനു തുല്യമുള്ള ' തമാശ ' പൊട്ടിക്കുന്ന നിങ്ങള്‍ എന്തു സന്ദേശമാണവര്‍ക്ക് നല്‍കുന്നത്?
ഒരു ലേണിങ്ങ് ഡിസെബിലിറ്റിയെപ്പോലും രാഷ്ട്രീയ എതിരാളിയെ അപമാനിക്കാനായി ദുരുപയോഗിക്കുന്ന പ്രധാനമന്ത്രി ഇനി എവിടെവരെ തരം താഴുമെന്നാണ്? രാജ്യത്തെ പണക്കാര്‍ക്കു മാത്രം വേണ്ടിയല്ല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.
രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും കഴിവ് കുറഞ്ഞവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിക്കൂടിയാണ്.
അവരെ കളിയാക്കാനുള്ള ഒരു ഉപകരണമായി കാണുന്ന നേതാക്കളുള്ള നാട്ടില്‍ പോളിയോ വാക്‌സിനെക്കാള്‍ പ്രാധാന്യം പ്രതിമയ്ക്കും മനുഷ്യനെക്കാള്‍ പ്രാധാന്യം പശുവിനുമുണ്ടാവുന്നതില്‍ അദ്ഭുതമില്ല..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates