റിജോഷിനെ കൊന്നത് മദ്യത്തിൽ വിഷം കലർത്തി ?; മൃതദേഹം ഒളിപ്പിച്ചത് 'ദൃശ്യം' മോഡലിൽ ; കുടുക്കായത് ലിജിയുടെ ‘ഫോൺ’ മൊഴി

റിജോഷിനെ കൊന്നത് മദ്യത്തിൽ വിഷം കലർത്തി ?; മൃതദേഹം ഒളിപ്പിച്ചത് 'ദൃശ്യം' മോഡലിൽ ; കുടുക്കായത് ലിജിയുടെ ‘ഫോൺ’ മൊഴി

മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്
Published on

ഇടുക്കി : ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ കൊലപ്പെടുത്തിയത് മദ്യത്തിൽ വിഷം കലർത്തി നൽകിയെന്ന് സംശയിക്കുന്നതായി പൊലീസ് .  31 ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത ഫാം ഹൗസ് മാനേജർ വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായിയെന്ന് നാട്ടുകാർ പറയുന്നു. എല്ലാ സിനിമകളും കാണുന്ന വസീം, റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത് ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

ഫാം ഹൗസിനു 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ്  മൃതദേഹം കണ്ടെത്തിയത്. ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു.  ഈ മാസം രണ്ടിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതൽ മണ്ണിട്ടു നികത്തുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് മണ്ണു മാറ്റി പരിശോധന നടത്തിയത്. ഇൻ‌ക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഒരു വർഷം മുൻപ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന. 12 വർഷം മുൻപ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്.

റിജോഷിനെ കാണാതായതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകിയിരുന്നു. ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്ക് വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഈ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് കേസിൽ നിർണായകമായി.  കേസ് വഴി തിരിച്ചു വിടാൻ ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. ഇവർ പൊലീസിന്റെ കസ്റ്റഡിയിലാണെന്നറിഞ്ഞതോടെയാണ് കുറ്റം ഏറ്റുകൊണ്ട് പ്രതി വസിമിന്റെ വീഡിയോ സന്ദേശമെത്തിയത്.

പൊലീസ് അന്വേഷണം ഊർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി നാടു വിട്ടു എന്നാണ് വിവരം. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി.  നാലു വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം (32) എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com