ലീഗിന്റെ 'മല' പോലെ ഉറച്ച പച്ചക്കോട്ട; 'മഞ്ചേരി ഷോക്ക്' ആവര്‍ത്തിക്കാന്‍ സിപിഎം

ഇത്തവണയും മത്സരം ഏകപക്ഷീയമാകുമെന്നാണ് ലീഗിന്റെ കണക്കൂട്ടല്‍. അതേസമയം പഴയ മഞ്ചേരി ഷോക്കിന്റെ ഗൃഹാതുരതയിലാണ് സിപിഎം.
malappuram lok sabha constituency
മലപ്പുറം ലോക്‌സഭാ മണ്ഡലം
Updated on
2 min read

മുസ്ലീം ലീഗ് കോട്ടയാണ് മലപ്പുറം ലോക്സഭാ മണ്ഡലം. കുത്തൊഴുക്കിലും കാലിടറാതെ നിന്ന പച്ചമണ്ണ്. സംസ്ഥാനത്തെ 'പ്രായം കുറഞ്ഞ' ലോക്‌സഭ മണ്ഡലങ്ങളിലൊന്നും. 2008-ലെ മണ്ഡല പുന:രേകീകരണത്തോടെയാണ് അതുവരെയുണ്ടായിരുന്ന മഞ്ചേരി ഇല്ലാതായി പുതിയ മലപ്പുറം മണ്ഡലം നിലവില്‍വന്നത്. മഞ്ചേരി ആയിരുന്നപ്പോഴും പിന്നീട് മലപ്പുറം ആയപ്പോഴും മുസ്ലിം ലീഗിന്റെ ഉറച്ചകോട്ട. ഇത്തവണയും മത്സരം ഏകപക്ഷീയമാകുമെന്നാണ് ലീഗിന്റെ കണക്കൂട്ടല്‍. അതേസമയം പഴയ മഞ്ചേരി ഷോക്കിന്റെ ഗൃഹാതുരതയിലാണ് സിപിഎം.

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്‌സഭ മണ്ഡലം. ഏഴ് മണ്ഡലങ്ങളും ലീഗിനൊപ്പം. 2004ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേരി ആയിരിക്കെ ടികെ ഹംസയിലൂടെ മണ്ഡലം പിടിച്ചടക്കിയത് മാത്രമാണ് സിപിഎമ്മിന് ആശ്വാസത്തിനുള്ള ഏകവക.

2019ല്‍ ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയത്. എതിര്‍സ്ഥാനാര്‍ഥിയായ വിപി സാനുവിനെക്കാള്‍ 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് മലപ്പുറം കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയത്. 2021-ലെ ഉപതെരഞ്ഞെടുപ്പില്‍ എംപി അബ്ദുസമദ് സമദാനിയിലുടെ ലീഗ് മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 1.14 ലക്ഷത്തിലേക്ക് കുറക്കാനായത് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ആശ്വാസമായി.

ഇ അഹമ്മദ്
ഇ അഹമ്മദ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അസാധ്യമായൊന്നുമില്ല എന്നതിന്റെ തെളിവായിരുന്നു പഴയ മണ്ഡലമായ മഞ്ചേരിയില്‍ ടികെ ഹംസയുടെ ജയം. ലീഗിന് അത് നല്‍കിയത് ചരിത്രത്തിലെ ഏറ്റവും വലിയ 'ഷോക്കും'. 1952-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധാനം ചെയ്ത് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത് ലീഗ് നേതാവ് ബി പോക്കര്‍. ഐക്യകേരളമാവുകയും മഞ്ചേരി മണ്ഡലം നിലവില്‍ വരുകയും ചെയ്തശേഷം 1957-ലെ തെരഞ്ഞെടുപ്പില്‍ പോക്കറിലൂടെ ലീഗ് വിജയം ആവര്‍ത്തിച്ചു. 1962-ലും 67-ലും 71-ലും മഞ്ചേരിയെ പ്രതിനിധാനം ചെയ്തത് ലീഗ് സ്ഥാപക പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍. തുടര്‍ന്ന് 1977-ലും '80, '84, '89 വര്‍ഷങ്ങളിലും ഇബ്രാഹിം സുലൈമാന്‍ സേട്ട് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി.

ടികെ ഹംസ
ടികെ ഹംസ

1991, 1996, 1998, 1999 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയം കൊയ്ത മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് 2004-ല്‍ പൊന്നാനിയിലേക്ക് മാറി. പകരക്കാരനായ കെപിഎ മജീദിനു ടികെ ഹംസയ്ക്കു മുന്നില്‍ അടിയറവു പറയേണ്ടിവന്നു. ചരിത്രത്തിലാദ്യമായി ലീഗ് കോട്ട ഇടത്തോട്ടു ചെരിഞ്ഞപ്പോള്‍ ഹംസയ്ക്കു ലഭിച്ച ഭൂരിപക്ഷം 47,743.

മഞ്ചേരി പേരും അതിരും മാറിയെത്തിയതോടെ ലീഗ് പ്രതാപം തിരിച്ചുപിടിച്ചു. 2009-ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയ ഇ അഹമ്മദ്, ടികെ ഹംസയെ ലക്ഷത്തില്‍പ്പരം വോട്ടിനു പരാജയപ്പെടുത്തി മഞ്ചേരിയിലെ തോല്‍വിക്കു പകരംവീട്ടി. 2014-ല്‍ അഹമ്മദിലൂടെ ലീഗ് ഭൂരിപക്ഷം ഉയര്‍ത്തി. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് 2017-ലെ ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് വോട്ടുകള്‍ അഞ്ചു ലക്ഷം കടത്തി.

മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. 2019ല്‍ നേടിയ 82,000 വോട്ടാണ് ബിജെപിക്ക് ലഭിച്ച ഉയര്‍ന്ന വോട്ട് വിഹിതം. മണ്ഡലത്തിലെ ക്രമാനുഗതമായ വോട്ടുവര്‍ധവ് ഇത്തവണ ഒരുലക്ഷം കടക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 2021ലെ ഉപതെരഞ്ഞെടുപ്പില്‍ എപി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയായപ്പോള്‍, ബിജെപിയുടെ വോട്ട് അറുപത്തിയെട്ടായിരത്തിരമായി കുറയുകയാണ് ഉണ്ടായത്. ഇത്തവണ മത്സരരംഗത്തില്ലെങ്കിലും എസ്ഡിപിഐയുടെ വോട്ടുകളും എടുത്തുപറയേണ്ടതാണ്. 2021-ലെ ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേടിയത് 46,756 വോട്ടാണ്.

 എംപി അബ്ദുസമദ് സമദാനി
എംപി അബ്ദുസമദ് സമദാനി

ന്യൂനപക്ഷ പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലപ്പുറത്ത് വികസനത്തിനുപരി പൗരത്വഭേദഗതി നിയമം ഉള്‍പ്പടെ പ്രചാരണ വിഷയമാകുമ്പോള്‍ നിര്‍ണായകമാവുക മുസ്ലിം മതസംഘടനകളുടെ നിലപാടുകളാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമദാനിയുടെ ഭൂരിപക്ഷം കുറച്ചതിന്റെ ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. സമസ്തയ്ക്കും ലീഗിനുമിടയിലെ പ്രശ്‌നങ്ങള്‍ അനുകൂലമാകുമെന്ന് സിപിഎം കരുതുമ്പോള്‍ ഉറച്ച കോട്ടയായ മലപ്പുറത്ത് ഇക്കുറിയും ചിത്രം മാറില്ലെന്നാണ് ലീഗിന്റെ കട്ടായം.

malappuram lok sabha constituency
അരനൂറ്റാണ്ടായി ചെങ്കൊടി പാറാത്ത ഒരേ ഒരു മണ്ഡലം; ഇത്തവണ ചരിത്രം മാറുമോ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com