

കൊച്ചി : നവോത്ഥാന മൂല്യസംരക്ഷണത്തിനായുള്ള വനിതാമതിലിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. അതേസമയം മലപ്പുറം, കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ സ്കൂളുകൾ നേരത്തെ വിടും. ഗതാഗതക്കുരുക്ക് പരിഗണിച്ച് യുക്തമായ തീരുമാനമെടുക്കാൻ എഇഒമാർക്ക് നിർദേശം നൽകി.
അവധിയില്ലെന്നും, ഗതാഗതക്കുരുക്ക് ഉണ്ടായാൽ ക്ലാസുകൾ നേരത്തെ വിടാൻ ക്രമീകരണം ചെയ്തതായാണ് തൃശൂർ, മലപ്പുറം ഡിഡിഇമാർ അറിയിച്ചത്. ഗതാഗത തടസ്സം പരിഗണിച്ച് ഉച്ചയ്ക്ക് ശേഷം അവധി നൽകുന്നകാര്യത്തിൽ സ്കൂളുകൾക്ക് സ്വയം തീരുമാനിക്കാമെന്നാണ് കോട്ടയം ഡിഡിഇ അറിയിച്ചത്.
അതേസമയം മലപ്പുറം ജില്ലയിൽ സ്കൂളുകൾക്ക് അവധിയില്ലെന്നും ഗതാഗതക്കുരുക്കിനു സാധ്യതയുള്ള സ്ഥലങ്ങളിൽ അവസ്ഥ നോക്കി ആവശ്യമെങ്കിൽ നേരത്തേ സ്കൂൾ വിടാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും മലപ്പുറം ഡിഡിഇ അറിയിച്ചു. ഇക്കാര്യത്തിൽ എഡിപിഐ നൽകിയ നിർദേശം എഇഒമാരെ അറിയിച്ചിട്ടുണ്ട്. ടൗണുകളിൽ ഗതാഗതക്കുരുക്കുണ്ടായി കുട്ടികൾ വീട്ടിലെത്താൻ വൈകുന്ന സ്ഥിതിയുണ്ടാകിതിരിക്കാനാണു നടപടിയെന്നും ഡിഡിഇ വ്യക്തമാക്കി.
ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ പകരം 19 ന് പ്രവർത്തിദിനം ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്നാണ് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ അറിയിച്ചത്. നേരത്തെ മുഴുവൻ ദിവസ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതോടെ ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തി ഉച്ചയ്ക്കുശേഷം മാത്രം എന്നാക്കുകയായിരുന്നു. വനിതാമതിൽ മൂലമുള്ള ഗതാഗതക്കുരുക്കിന്റെ പേരിലാണ് അവധിയെന്നാണ് വിശദീകരണം.
വനിതാമതിലില്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും ജീവനക്കാരുടെ ചുമതല നിശ്ചയിച്ചുകൊണ്ട് കോഴിക്കോട് കലക്ടർ ഉത്തരവ് പുറത്തിറക്കി. ഓരോ സ്ഥലത്തും പങ്കെടുക്കുന്ന വനിതകളുടെ എണ്ണവും സംഘാടന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേരും മൊബൈല്‍ നമ്പറും ഉത്തരവിലുണ്ട്. എല്ലാ വനിതാ ജീവനക്കാരെയും മെഡിക്കല്‍, പാരാ മെഡിക്കല്‍, ഫാര്‍മസി വിദ്യാര്‍ഥിനികള്‍, പിജി വിദ്യാര്‍ഥിനികള്‍, സീനിയര്‍ റസിഡന്റുമാര്‍ എന്നിവരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കണമെന്നു നിര്‍ദേശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates