തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കം പ്രതിസന്ധിയിലായത് മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെയാണ് സര്‍ക്കാര്‍ നീക്കം പ്രതിസന്ധിയിലായത്. വാര്‍ഡ് വിഭജനം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് രണ്ടാമതും വിശദീകരണം തേടിയിരിക്കുകയാണ്. ഈ മാസം 30 ന് വീണ്ടും നിയമസഭ ചേരാനിരിക്കെ എന്തിനാണ് ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും, നിയമസഭയെ മറികടക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്യും. കൂടാതെ, വിഷയത്തില്‍ നിയമോപദേശം തേടാനും ആലോചിക്കുന്നുണ്ട്. വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ വാര്‍ഡ് നമ്പര്‍ അടക്കം മാറുമെന്നും, അത് ജനങ്ങള്‍ക്ക് വീണ്ടും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നത്.
അതിനിടെ വാര്‍ഡ് വിഭജന നീക്കം സങ്കീര്‍ണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഡിസംബര്‍ 31 ന് ശേഷം വാര്‍ഡ് വിഭജനം പാടില്ലെന്ന് സെന്‍സസ് കമ്മീഷണര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വാർഡുകളുടെ അതിർത്തി മാറ്റരുതെന്നും കത്തിൽ നിർദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് സെന്‍സസ് കമ്മീഷണര്‍ കത്ത് നല്‍കിയത് 2019 നവംബര്‍ ആറിനാണ്. 2021 ജനുവരി ഒന്നിന് സെന്‍സസ് പ്രാബല്യത്തില്‍ വരുന്നതിനാണ് ഇത്. എന്നാല്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 2019 ഡിസംബര്‍ 26 നാണ്. ഇത് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് തടസ്സമാകുമെന്നാണ് വാദം ഉയര്‍ന്നിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates