

കൊച്ചി : വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസം. വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി. ഇവര്‍ക്ക് അടിയന്തിരമായി പാസ് അനുവദിക്കണം. അതേസമയം ഇത് കീഴ് വഴക്കമാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുവേണം ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാനെന്നും കോടതി വ്യക്തമാക്കി.
വാളയാറില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി മാത്രമാണ് ഈ ഉത്തരവെന്നും കോടതി അറിയിച്ചു. പാസ് നല്‍കുമ്പോള്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിയന്ത്രണം ജനത്തിന് എതിരാണെന്ന് പറയാനാകില്ല. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കോടതിക്കാകില്ല. ജനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതി പറഞ്ഞു. യാത്ര പുറപ്പെടുമ്പോള്‍ തന്നെ പാസ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു.
പൊതുജന താത്പര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. വ്യക്തി താല്‍പ്പര്യത്തിനല്ല പൊതു താല്‍പ്പര്യത്തിനാണ് പ്രാധാന്യം. അടിയന്തര സാഹചര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടി വരും. നാളെ ജീവിതം ആഘോഷിക്കണമെങ്കില്‍ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് വിധേയരാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെ ആളുകളെ കടത്തിവിടാനാകില്ല. ആളുകള്‍ സഹകരിച്ചേ മതിയാകൂ എന്നും കോടതി അഭിപ്രായപ്പെട്ടു. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് സര്‍ക്കരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേരളത്തിലേക്ക് മടങ്ങാന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഓരോ ദിവസവും നല്‍കുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1.04 ലക്ഷം പേര്‍ പാസിന് അപേക്ഷ നല്‍കി. 53,000 പേര്‍ക്ക് പാസ് നല്‍കി. അടിയന്തര ആവശ്യങ്ങള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും സ്‌പോട്ട് റജിസ്‌ട്രേഷനുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാല്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ തകരും. അതിര്‍ത്തിയില്‍ ഗൗരവതരമായ പ്രശ്‌നങ്ങളില്ല, മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
നേരത്തെ, കേരളത്തിന്റെ പാസില്ലാതെ വാളയാര്‍ അതിര്‍ത്തിയിലെത്തി കുടുങ്ങിയവരെ ഞായറാഴ്ച രാത്രിയോടെ കോയമ്പത്തൂരിലെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 172 പേരാണുള്ളത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി വാളയാര്‍ ചെക്‌പോസ്റ്റിനോട് ചേര്‍ന്നുള്ള മൂന്നു കിലോമീറ്റര്‍ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.
വാളയാറില്‍ വന്നവര്‍ റോഡരികിലും കാടുകള്‍ക്കിടയിലുമാണ് തങ്ങിയിരുന്നത്. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടഞ്ഞത് പൊലീസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമായിരുന്നു. കോയമ്പത്തൂര്‍ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്കാണ് അര്‍ധരാത്രിയോടെ എല്ലാവരെയും മാറ്റിയത്. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് സൗകര്യങ്ങള്‍ ക്രമീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates