

കൊച്ചി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എയർപോർട്ട് സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിമാനത്താവള വിഷയത്തിൽ സർക്കാർ ഇന്നലെ സർവകക്ഷിയോഗവും വിളിച്ചുകൂട്ടിയിരുന്നു.
വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെയുള്ള നിയമപോരാട്ടത്തിൽ സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസും വ്യക്തമാക്കി. വിഷയത്തിൽ നിയമസഭയിൽ ഏകകണ്ഠമായ പ്രമേയം പാസ്സാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതേസമയം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകുന്നതിനെ ബിജെപിയും തിരുവനന്തപുരം എംപി ശശി തരൂരും സ്വാഗതം ചെയ്യുകയാണ്.
സർക്കാർ നിയമപോരാട്ടം തുടർന്നാലും ടെൻഡർ റദ്ദാക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സർക്കാരിന് എതിരായിരുന്നു ഹൈക്കോടതി വിധി. ടെൻഡർ പ്രകാരമുളള നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനാൽ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് നിയമ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
