

തിരുവനന്തപുരം: കോവിഡ് സാഹചര്യം പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.
ഭവനസന്ദർശനത്തിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ടു ചോദിക്കാൻ പാടില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണം. സ്ഥാനാർത്ഥികൾ മാത്രമല്ല, പ്രവർത്തകരും ഇതു പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെ പുറത്ത് വച്ചാൽ മതി. രാഷ്ട്രീയപാർട്ടികൾക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഈ നിബന്ധനകൾ.
പൊതുപ്രചാരണപരിപാടിക്ക് അഞ്ച് പേരിൽ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങൾ നടത്താം. സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിക്കാൻ കഴിയില്ല. പ്രചാരണത്തിന് സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമർപ്പണസമയത്ത് സ്ഥാനാർത്ഥിയുൾപ്പടെ രണ്ട് പേർ മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തിൽ നാല് വോട്ടർമാർ വരെ ഒരേ സമയം കയറാമെന്നത് മൂന്നായി ചുരുക്കി.
ഏജന്റുമാരായി ബൂത്തിൽ ആകെ 10 പേർമാത്രമേ പാടുള്ളൂ എന്നതും നിർദ്ദേശങ്ങളിൽപ്പെടുന്നു. സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും. തെരഞ്ഞെടുപ്പ് കുറച്ച് ദിവസം നീട്ടി വയ്ക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates