ഓച്ചിറ: പേരിലും ജോലിയിലുമുള്ള സാമ്യം മൂലം നിരപരാധിയായ യുവാവിനെ തീവ്രവാദിയായി മുദ്രകുത്തി. ഇതോടെ നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട കുടുംബം വാടക വീട്ടിൽ പോലും താമസിക്കാനാകാത്ത നിലയിലായി. ഖത്തറിൽ ജോലി ചെയ്യുന്ന ഓച്ചിറ ചങ്ങൻകുളങ്ങര മുഹമ്മദ് ഫൈസലിനും കുടുംബത്തിനുമാണ് ഈ ദുർഗതി.
അന്താരാഷ്ട്ര ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ കണ്ണിയെ തിരക്കി രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ വീടുമാറി ചങ്ങൻകുളങ്ങരയിൽ മുഹമ്മദ് ഫൈസൽ താമസിക്കുന്ന വാടക വീട്ടിൽ എത്തിയതാണ് പ്രശ്നത്തിന്റെ തുടക്കം. ഇതോടെ പൊലീസും ചില മാധ്യമങ്ങളും ചങ്ങൻകുളങ്ങര സ്വദേശിയെയാണ് എൻഐഎ പ്രതി ചേർത്തതെന്ന വാർത്ത പുറത്തുവിട്ടു.
നവ മാധ്യമങ്ങൾ ഇത് ഏറ്റുപിടിച്ചതോടെ കുടുംബം സംശയത്തിന്റെ നിഴലിലായി. നിരപരാധിത്വം തെളിയിക്കാൻ കുടുംബം ജില്ലാ പൊലീസ് ആസ്ഥാനത്ത് പോയതും സംശയം ഇരട്ടിപ്പിച്ചു.
അതേസമയം ഐഎസുമായി ബന്ധമുണ്ടെന്ന കേസിൽ എൻഐഎ പ്രതി ചേർത്തത് കരുനാഗപ്പള്ളി വവ്വക്കാവ് സ്വദേശി മുഹമ്മദ് ഫൈസൽ എന്ന അബു മർവാൻ അൽഹിന്ദി (29)നെയാണ്. ഇരുവരും ഖത്തറിലാണ് ജോലി ചെയ്യുന്നത്. രണ്ട് പേരും ഫയർ ആൻഡ് സേഫ്റ്റി കോഴ്സും വിജയിച്ചിട്ടുണ്ട്. ഈ സാമ്യമാണ് ചങ്ങൻകുളങ്ങരയിലെ മുഹമ്മദ് ഫൈസലിനെ കുരുക്കിലാക്കിയത്.
വാർത്ത പരന്നതോടെ കുടുംബത്തെ വാടക വീട്ടിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി സമീപവാസികൾ വീട്ടുടമയെ സമീപിച്ചു. മുഹമ്മദ് ഫൈസൽ നിരപരാധിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെയാണ് കുടുംബത്തിന് ആശ്വസമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates