

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണാന്താനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം അറിയാതെ ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനം നിശ്ചയിച്ച കണ്ണന്താനത്തിന്റെ നടപടിക്കെതിരെയാണ് പിണറായി രംഗത്തെത്തിയത്. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി സംസ്ഥാന ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അത് അവഗണിച്ചാണ് ഐ.ടി.ഡി.സിയെ ചുമതല ഏല്‍പ്പിക്കുന്നത്. ഇത് ഏകപക്ഷീയമായ നടപടിയാണെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു
തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍മാണ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതില്‍ അതൃപ്തി അറിയിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഉണ്ടാവേണ്ട സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഈ പ്രശ്‌നം കൈകാര്യം ചെയ്തത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുന്നതെന്ന് പിണറായി കത്തില്‍ പറയുന്നു.
ശ്രീനാരായണഗുരു സ്പിരിച്വല്‍ സര്‍ക്യൂട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഒരു കത്തയച്ചിരുന്നു. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ട്. ഈ പദ്ധതി മുന്നോട്ടുവെച്ചതും വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) കേന്ദ്രത്തിന് സമര്‍പ്പിച്ചതും സംസ്ഥാന സര്‍ക്കാരാണ്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചത്. പദ്ധതിയുടെ ആവര്‍ത്തനച്ചെലവുകള്‍ ഏറ്റെടുക്കാനും പരിപാലനം നടത്താനും സംസ്ഥാനം സന്നദ്ധതയും അറിയിച്ചിരുന്നു. ഇതൊക്കെയായിട്ടും സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടന പരിപാടി നടത്തുന്നത് നിരാശജനകമാണ് പിണറായി കത്തില്‍ പറയുന്നു.
ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല. അല്‍ഫോണ്‍സ് കണ്ണന്താനം അയച്ച കത്തിന്റെ പകര്‍പ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് എഴുതിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates