വീപ്പയിലെ ജഡം : ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാറും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു

ശകുന്തളയുടെ മൊബൈല്‍ഫോണും പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതായാണ് സൂചന
വീപ്പയിലെ ജഡം : ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാറും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു
Updated on
1 min read

കൊച്ചി : കുമ്പളത്ത് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാറും മൊബൈള്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടത് ഉദയംപാരൂര്‍ മാങ്കായി സ്വദേശിനി ശകുന്തളയാണെന്ന നിഗമനത്തിലാണ് പൊലീസ്. ശകുന്തളയുമായി അടുപ്പമുണ്ടായിരുന്ന യുവാവിന്റെ ഷെവര്‍ലേ കാറും സാംസംഗ് മൊബൈല്‍ ഫോണുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തൃപ്പൂണിത്തുറ എരൂരിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് തൃപ്പൂണിത്തുറ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഫോറന്‍സിക് പരിശോധന രണ്ടു ദിവസത്തിനകം നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. യുവാവിന്റെ ഭാര്യയെയും മാതാവിനെയും സഹോദരനെയും പൊലീസ് ചോദ്യം ചെയ്തതായും സൂചനയുണ്ട്. കുമ്പളത്ത് കായലരികത്ത് നിന്ന് കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത് ജനുവരി എട്ടിനാണ്. പിറ്റേദിവസമാണ് എരൂരിലെ വീട്ടില്‍ വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കാണപ്പെടുന്നത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എഹ്കിലും അസ്വാഭാവിക മരണത്തിന് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ യുവാവിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വനംവകുപ്പ് ജീവനക്കാരനായിരുന്ന യുവാവ്, ഏതാനും വര്‍ഷങ്ങളായി ഡെപ്യൂട്ടേഷനില്‍ ജില്ലാ ആസ്ഥാനത്ത് മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ദുരൂഹമായ പല ഇടപാടുകളും ഉണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ട്. 

ശകുന്തള
ശകുന്തള

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ശകുന്തളയ്ക്ക് വീടുമായോ ബന്ധുക്കളുമായോ യാതൊരു അടുപ്പവുമില്ല. മകന്റെ മരണത്തിന് പിന്നാലെ, മകളുമായുള്ള ബന്ധവും ശകുന്തള അവസാനിപ്പിച്ചു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ശകുന്തളയുമായി യുവാവിന് വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ശകുന്തളയുടെ മകളുമായും യുവാവിന് പരിചയമുണ്ട്. 2016 സെപ്തംബറിന് ശേഷം ശകുന്തളയെ ആരും കണ്ടിട്ടില്ല. ചോറ്റാനിക്കരയിലെ വാടകവീട്ടില്‍ നിന്നും ബാഗുമായി ഒരു വെളുത്ത കാറില്‍ ശകുന്തള കയറിപ്പോയെന്ന വിവരം മാത്രമാണ് മകളുടെ മൊഴിയിലുള്ളത്. 

മകന്റെ ചരമവാര്‍ഷിക ദിനത്തില്‍ മുടങ്ങാതെ ക്ഷേത്രത്തില്‍ വഴിപാടുകള്‍ ശകുന്തള നടത്താറുണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷമായി അത് നടത്താറില്ല. മാത്രമല്ല ആരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടുമില്ല. ഇതാണ് യുവാവിലേക്ക് അന്വേഷണ സംഘത്തിന്റെ സംശയദൃഷ്ടി എത്തിച്ചത്. ശകുന്തളയുടെ മൊബൈല്‍ഫോണും പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതായാണ് സൂചന. രണ്ടു ദിവസത്തിനകം മകളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിക്കുമെന്നും, അതോടെ മൃതദേഹം ശകുന്തളയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com