ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും വയനാട് സ്വദേശിയുമായ ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 23നായിരുന്നു അദ്ദേഹം ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നും ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂർ പറഞ്ഞു. മരണത്തിൽ ദുരൂഹതകളൊന്നുമില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കൽ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണ വ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പടുത്തത്. ജുമൈറയിൽ ഭാര്യ സെലിൻ മക്കളായ അരുൺ, ആഷ്ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാർട്ടേഡ് എയർ ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.
ഇന്ത്യൻ അധികൃതരിൽ നിന്ന് എൻഒസി ലഭിച്ചു കഴിഞ്ഞു. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചയുടൻ മൃതദേഹം ബംഗളൂരുവിലേയ്ക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് മാനന്തവാടിയിലെത്തിക്കുക.
കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നായ( 45,000 ചതുരശ്ര അടി) മാനന്തവാടിയിലെ ജോയിയുടെ ഭവനം ഏറെ ശ്രദ്ധേയമാണ്. ഗൾഫിലും നാട്ടിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു. താനൊരു വയനാട്ടുകാരൻ ആണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും, ലോകത്തോട് വിളിച്ചു പറയാൻ ഒരു മടിയും കാട്ടാതിരുന്ന വലിയ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates