ശക്തമായ നിലപാടുകളെടുത്ത, മലയാള മാധ്യമ രംഗത്തെ അതികായൻ; എംഎസ് മണിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപർ എന്ന നിലയിൽ അദ്ദേഹം മാധ്യമ പ്രവർത്തനത്തിനും സമൂഹത്തിനും അമൂല്യമായ സംഭാവനകളാണ് നൽകിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ഉയർന്നു വന്ന പല പ്രശ്നങ്ങളിലും ശക്തമായ നിലപാടെടുക്കാൻ എംഎസ് മണിക്ക് കഴിഞ്ഞിരുന്നു. വിയോജിപ്പുള്ള ഘട്ടങ്ങളിലും എല്ലാവരുമായും ഊഷ്മളമായ സ്നേഹ ബന്ധം കാത്തു സൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണ രൂപം
മലയാള മാധ്യമ രംഗത്തെ അതികായനായ എം എസ് മണിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപർ എന്ന നിലയിൽ അദ്ദേഹം മാധ്യമ പ്രവർത്തനത്തിനും സമൂഹത്തിനും അമൂല്യമായ സംഭാവനകളാണ് നൽകിയത്. പത്രലേഖകനിൽ തുടങ്ങി പത്രാധിപരിൽ എത്തിയ അദ്ദേഹം മാധ്യമ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഉചിതമായ അംഗീകാരമാണ് ഇത്തവണത്തെ സ്വദേശാഭിമാനി-കേസരി പുരസ്കാരം.
കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക മേഖലകളിൽ ഉയർന്നു വന്ന പല പ്രശ്നങ്ങളിലും ശക്തമായ നിലപാടെടുക്കാൻ എം എസ് മണിക്ക് കഴിഞ്ഞിരുന്നു. വിയോജിപ്പുള്ള ഘട്ടങ്ങളിലും എല്ലാവരുമായും ഊഷ്മളമായ സ്നേഹബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സാഹിത്യ രംഗത്തു പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ കലാ കൗമുദിയുടെ നേതൃത്വത്തിലിരുന്ന് അദ്ദേഹം സദാ ഇടപെട്ടിരുന്നു. അനേകം മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിലും എം എസ് മണിയുടെ സംഭാവന വലുതാണ്.
അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
