പത്തനംതിട്ട: ശബരിമല നട ഈ മാസം 14ന് തന്നെ തുറക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം.
ഭക്തരെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്താനും ഉത്സവം മാറ്റി വയ്ക്കാനും ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഒരു തരത്തിലുള്ള ആൾക്കൂട്ടവും ശബരിമലയിലുണ്ടാകില്ല. ഭക്തരെ പ്രവേശിപ്പിക്കുന്നത് ദേവസ്വം ബോർഡിന്റെ ഭരണപരമായ തീരുമാനമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
തന്ത്രിമാരോട് ചർച്ച ചെയ്താണ് നട തുറക്കാൻ നേരത്തെ തീരുമാനമെടുത്തത്. ഇപ്പോൾ തന്ത്രി നിലപാട് മാറ്റുകയാണ്. തന്ത്രി കുടുംബത്തിന്റെ അറിവോടെയാണ് കാര്യങ്ങൾ തീരുമാനിച്ചത്. ഉത്സവം ജൂണിൽ നടത്താൻ നിർദ്ദേശിച്ചതും തന്ത്രിയാണ്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിലപാടറിയിച്ചത് തന്ത്രിയുടെ അഭിപ്രായം മാനിച്ചാണെന്നും എൻ വാസു പറയുന്നു. കണ്ഠരര് രാജീവര് രണ്ട് ദിവസം മുൻപ് ഫോണിൽ വിളിച്ച് ചില ആശങ്കകൾ അറിയിച്ചിരുന്നെന്നും എൻ വാസു കൂട്ടിച്ചേർത്തു.
ശബരിമലയിൽ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് കത്ത് നൽകിയത്. ഉത്സവം മാറ്റി വയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയും കത്തിൽ പ്രകടിപ്പിച്ചിരുന്നു. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അംഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates