

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ടുദിവസം മാറ്റിവയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നാല് യുവതികളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലാണ് ഇക്കാര്യം അറിയിച്ചത്.
യുവതീ പ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയോ എന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആരാഞ്ഞു. യുവതീ പ്രവേശനത്തിനായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചു. യുവതികള്‍ക്ക് പ്രവേശനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്ത് ക്രമീകരണം ഒരുക്കാനാകുമെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ശബരിമലയിലേക്ക് പോകാണമെന്ന് പറയുന്ന സ്ത്രീകളെ ആക്രമിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. പോകാന്‍ തയ്യാറാകുന്നവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഭീഷണികൊണ്ട് ജോലി വരെ പോകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിക്കാരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. നേരത്തെ ശബരിമല ചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്കുണ്ടായ ദുരനുഭവങ്ങളും തൃപ്തി ദേശായിയെ തടഞ്ഞതുള്‍പ്പെടെയുള്ള വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ ഹര്‍ജി നല്‍കിയത്. പോകാന്‍ തയ്യാറാകുന്നവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. മൗലികാവകാശത്തെ പോലെ തന്നെ വ്യക്തിപരമായ സുരക്ഷയും പ്രധാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരെ പ്രശ്‌നബാധിത മേഖലയിലേക്ക് തള്ളിവിടാനാകില്ലെന്ന് കോടതി പറഞ്ഞു.
നേരത്തെ ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം കയ്യിലെടുക്കരുതെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ഡിജിപി വൈകിയതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് ഇന്ന് പരിഗണിക്കണമെങ്കില്‍ സത്യവാങ്മൂലം ഇന്നലെ സമര്‍പ്പിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. പതിനൊന്നാം മണിക്കൂറില്‍ സമര്‍പ്പിച്ചാല്‍ സയ്വാങ്മൂലം എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ചു.രേഖകള്‍ കിട്ടാല്‍ കാലതാമസം നേരിട്ടതാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് സത്യവാങ്മൂലം പരി?ഗണിക്കുന്നത്‌ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ശബരിമലയിലെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ഡിജിപിയോടും കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ശബരിമലയിലെ അക്രമസംഭവങ്ങള്‍ സുപ്രിംകോടതി വിധിക്ക് എതിരെയുള്ളതെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. അക്രമങ്ങള്‍ സര്‍ക്കാരിന് എതിരെയല്ല. പൊലീസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നും തന്നെ പൊലീസ് ശബരിമലയില്‍ ചെയ്തിട്ടില്ല. യഥാര്‍ത്ഥ ഭക്തരെ പൊലീസ് ആക്രമിച്ചെന്ന ഒരു പരാതിയും ഇതുവരെ ഇല്ല. നടപ്പന്തല്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയും ഉണ്ട്. ഭക്തര്‍ നടപ്പന്തലില്‍ കിടക്കാതിരിക്കുന്നതിനാണ് വെള്ളമൊഴിച്ചതെന്ന ആരോപണം തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ഇതിന് തെളിവായി മുമ്പും വെള്ളമൊഴിച്ചു കഴുകുന്നതിന്റെ വീഡിയോ തെളിവായി കോടതിയില്‍ ഹാജരാക്കി. നടപ്പന്തലില്‍ വിരിവെക്കാന്‍ അനുമതി കൊടുക്കാത്തത് പ്രത്യേക സാഹചര്യം മൂലമാണ്. നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാന്‍ അനുവദിക്കാനാകില്ല. ഇവിടെ പ്രശ്‌നം ഉണ്ടായാല്‍ എല്ലാ വഴികളും അടയുമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.
ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ കണക്കുതിരിച്ചാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. അതേസമയം ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടെന്നതും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
അന്നദാനത്തിന് ആദ്യ ദിനങ്ങളില്‍ 9,000 പേരാണ് എത്തിയിരുന്നതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ അത് 6000 ആയി കുറഞ്ഞു. തീര്‍ഥാടകരുടെ കുറവാണ് ഇത് കാണിക്കുന്നത്. നടപ്പന്തലില്‍ 17000 പേര്‍ക്ക് വിരിവെക്കാന്‍ സൗകര്യമുണ്ടെന്നും ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ശബരിമലയില്‍ ഭക്തരുടെ എണ്ണം ദിനംപ്രതി വന്‍തോതില്‍ വര്‍ധിക്കുന്നു എന്ന പൊലീസിന്റെ വാദത്തിന് എതിരാണ് ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള സത്യവാങ്മൂലം. നിയന്ത്രണങ്ങള്‍ മൂലം നടവരവിലും, അപ്പം, അരവണ പ്രസാദ വരുമാനത്തിലും വന്‍ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates