കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം നല്‍കുമെന്ന് പൊലീസ്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ശരണ്യക്കും കാമുകനുമെതിരെ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കൊലപാതകം സംബന്ധിച്ചും കാമുകന്‍ നിധിനുമായുള്ള അടപ്പം സംബന്ധിച്ചും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
കൊലപാതകം നടന്ന് മൂന്നുമാസം ആകുമ്പോഴാണ് കേസില്‍ പൊലീസ് കുറ്റപത്രം നല്‍കുന്നത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരക്കാണ് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ ശരമ്യ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുട്ടിയെ രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങുകയായിരുന്നു.
ഭര്‍ത്താവ് പ്രണവിനെ കുടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ശരണ്യ പൊലീസിന് മൊഴി നല്‍കിയിരുന്നത്. സംശയം തോന്നി പൊലീസ് ശബ്ദമുയര്‍ത്തിയപ്പോഴെല്ലാം ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയും ചെയ്തു. ഭര്‍ത്താവാണ് കൊല നടത്തിയതെന്നും, ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നും ശരണ്യ വാദിച്ചു.
ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്റെ ഫോണ്‍ വന്നതാണ് കേസില്‍ വഴിത്തിരിവായത്. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നെന്ന ഫോറന്‍സിക് പരിശോധന ഫലം,കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചയായുണ്ടായ കാമുകന്റെ ഫോണ്‍ വിളികള്‍ ഇതെല്ലാം നിരത്തിയതോടെ ശരണ്യ പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
കൃത്യത്തിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകന്‍ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ നിതിന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഭര്‍ത്താവിനെ കാണിക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും കുറ്റപത്ത്രതില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates