

തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് യുവതികളായ ബിന്ദുവും കനകദുർഗയും അറിയിച്ചു. ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ബിന്ദുവും കനക ദുർഗയും ചാനൽ അഭിമുഖത്തിൽ അറിയിച്ചു.
തന്ത്രി ശുദ്ധിക്രിയ നടത്തിയത് സ്ത്രീകൾക്കും ദലിതുകൾക്കുമെതിരായ വിവേചനമാണ്. താൻ ദലിത് സ്ത്രീ ആയതിനാലാണ് തന്ത്രി ശുദ്ധിക്രിയക്ക് മുതിർന്നത്. ഇത് ജാതീയമായ വിവേചനമാണ്. ശശികല ശബരിമലയിൽ എത്തിയപ്പോൾ ശുദ്ധിക്രിയ ചെയ്തിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. ഇതു തന്നെ തന്ത്രിയുടെ ജാതി വിവേചനം വ്യക്തമാക്കുന്നു. കൂടാതെ തന്ത്രിയുടെ നടപടി കോടതി അലക്ഷ്യമാണെന്നും ഇരുവരും പറഞ്ഞു.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഞങ്ങൾ ശബരിമല ദർശനത്തിന് പോയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമലയിൽ പോയത്. മറ്റാരുടെയും പ്രേരണയില്ല. പമ്പയിൽ എത്തിയശേഷമാണ് പൊലീസ് സുരക്ഷ തേടിയത്. ഇനിയും ശബരിമല ദർശനം നടത്തുമെന്നും ബിന്ദുവും കനകദുർഗയും പറഞ്ഞു.
നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയെന്ന് സർക്കാരും ദേവസ്വം ബോർഡ് അധികൃതരും സ്ഥിരീകരിച്ചതിന് പിന്നാലെ, തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്താൻ നിർദേശം നൽകിയിരുന്നു. ഒരു മണിക്കൂർ നടയടച്ചാണ് ശുദ്ധിക്രിയ നടത്തിയത്. ഇത് വിവാദമായതിനെ തുടർന്ന് ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates