കാലടി: സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട യാത്രാ സംഘത്തെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. മൂന്നാറിലെ ഹോട്ടലിലെ ജീവനക്കാര്‍ക്കെതിരെയാണ് പരാതി. ഒക്കല്‍, കാലടി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നു വിനോദയാത്ര പോയ സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. സംഘത്തിലെ അഞ്ച് പേര്‍ കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
യാത്രയ്ക്ക് ഒരാഴ്ച മുന്‍പേ ഓണ്‍ലൈന്‍ മുഖാന്തരം നാല് ഏസി മുറികളാണ് സംഘം ബുക്ക് ചെയ്തത്. രാത്രി പത്ത് മണിയോടെ ഹോട്ടലില്‍ എത്തിയപ്പോള്‍ മുറികള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. പകരം സംവിധാനം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ കൈ മലര്‍ത്തുകയായിരുന്നെന്ന് സംഘാംഗങ്ങള്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു.
ഹോട്ടല്‍ ജീവനക്കാര്‍ക്ക് പുറമേ പുറത്തുനിന്നു വന്ന പലരും മര്‍ദ്ദനത്തില്‍ പങ്കുചേര്‍ന്നെന്നും ഇവര്‍ പരാതിപ്പെട്ടു. 'ചവിട്ടി നിലത്തിട്ടു, കസേരകൊണ്ട് അടിച്ചു. സ്ത്രീകളെ തള്ളിയിട്ടു. ഷാള്‍ വലിച്ചു കീറുകയും അസഭ്യം പറയുകയും ചെയ്തു', മൂന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പി ആര്‍ ഓംപ്രകാശ്, ചോര്‍ത്തല മോഡേണ്‍ എന്‍ജിനിയറിങ് കോളെജ് അസിസ്റ്റന്റ് പ്രൊഫസര്‍ പി പി ജഗദീഷ്‌കുമാര്‍, റിട്ടയേഡ് ട്രഷറി ഓഫീസര്‍എന്‍ അജയകുമാര്‍, അജയകുമാറിന്റെ ഭാര്യ സതീദേവി, ജഗദീഷ്‌കുമാറിന്റെ മകനും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയുമായ ജിതിന്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
എന്നാല്‍, യാത്രാസംഘം ഓണ്‍ലൈനിലൂടെ മുറി ബുക്ക് ചെയ്‌തെങ്കിലും പണം നല്‍കിയിരുന്നില്ലെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. വൈകിട്ട് ഏഴ് മണി വരെ പണം അടയ്ക്കാതിരുന്നതിനാലാണ് മുറി മറ്റൊരാള്‍ക്ക് നല്‍കിയതെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇങ്ങനെ ചെയ്തതെന്നും അധികൃതര്‍ പറഞ്ഞു. മുറിയുടെ പേരില്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുയായിരന്നെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates