

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
കേസില്‍ ഈ മാസം 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് തിടുക്കത്തില്‍ ഉണ്ടായതാണെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണ ഏജന്‍സിയെ മാറ്റേണ്ട സാഹചര്യമില്ലെന്ന അപ്പീലില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ വാദം കേള്‍ക്കാതെ തിടുക്കത്തില്‍ സിംഗിള്‍ ബെഞ്ച് തീരുമാനത്തില്‍ എത്തുകയായിരുന്നെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. കാര്യങ്ങള്‍ ധരിപ്പിക്കാനുളള സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സിബിഐ അന്വേഷണ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തത് ഏറെ വിമര്‍ശനത്തിന് ഇടവച്ചിരുന്നു. ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു, വിമര്‍ശിച്ചവര്‍ മുന്നോട്ടുവച്ച പ്രധാന വാദം. എന്നാല്‍ കേസിന്റെ മെറിറ്റിലേക്കു കടന്നിട്ടില്ലെങ്കിലും ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം കോടതി അംഗീകരിക്കാതിരുന്നത് സര്‍ക്കാരിന് ആശ്വാസമാണ്.
പൊലീസ് അന്വേഷണത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കേസിലെ ഗൂഢാലോചന വെളിയില്‍ വരണമെങ്കില്‍ കേസ് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റില്‍ കെമാല്‍ പാഷ വിധിയില്‍ വ്യക്തമാക്കിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്തുവരാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലപ്പെട്ട ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിബിഐ അന്വേഷണ ഉത്തരവ്.
സിബിഐ അന്വേഷിക്കുന്നതില്‍ പാര്‍ട്ടിക്ക് ഒരു വേവലാതിയും ഇല്ലെന്നും ഒന്നും മറച്ചുവെക്കാന്‍ ഇല്ലെന്നുമായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചത്. സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates