തിരുവനന്തപുരം : കോവിഡ് രാജ്യത്ത് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. തമിഴ്‌നാടും കര്‍ണാടകവും കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ചു. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. അതിര്‍ത്തിയില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമാണ് യാത്രക്കാരെ തമിഴ്‌നാട് കടത്തിവിടുന്നത്. തമിഴ്‌നാടിന്റെ വാഹനങ്ങളില്‍ യാത്ര തുടരാനാണ് നിര്‍ദേശിക്കുന്നത്.
ഇന്നു വൈകീട്ടോടെ നിയന്ത്രണം കര്‍ക്കശമാക്കാനാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാടും കേരളവുമായുള്ള കോയമ്പത്തൂര്‍ അതിര്‍ത്തി ഇന്നു വൈകീട്ട് അടയ്ക്കുമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ രാസാമണി അറിയിച്ചു. കര്‍ണാടകയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസും തമിഴ്‌നാട് നിര്‍ത്തിവെച്ചു.
കര്‍ണാടകയും കേരളവുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് ഗുണ്ടല്‍പേട്ട്, ബാവലി, കുട്ട ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണം. അത്യാവശ്യക്കാരെ മാത്രം കടത്തിവിടും. കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളെ 31 വരെ കടത്തിവിടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കാസര്‍കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ക്കശമാക്കിയത്. കുടകില്‍ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ വയനാട് അതിര്‍ത്തിലും പരിശോധന ശക്തമാക്കിയിരുന്നു. അതിര്‍ത്തി വഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. അവശ്യ സേവനങ്ങള്‍ ഒഴികെ, മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ഓഫീസുകളും പൂട്ടണം. പൊതുഗതാഗത സംവിധാനങ്ങളും ബാങ്കുകളും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates