കൊച്ചി: സംസ്ഥാനത്ത് പുതുതായി അഞ്ചുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്ന് എത്തിയ അഞ്ചു ടൂറിസ്റ്റുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരെ കൂടാതെ രോഗലക്ഷണങ്ങളുളള ഒരാളെ കൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി മന്ത്രി വി എസ് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനില്‍കുമാര്‍ അറിയിച്ചു. ഇവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ 30 പേരാണ് രോഗബാധ സ്ഥിരീകരിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ കാസര്‍കോട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നെത്തി മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിന് എത്തിയപ്പോള്‍ നിരീക്ഷണത്തിലാക്കിയ ടൂറിസ്റ്റ് സംഘത്തിലെ അഞ്ചു പേരുടെ സാംപിളുകളാണ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ 17 പേരുടെ സാംപിള്‍ അയച്ചതില്‍ 12 പേര്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസിറ്റീവ് ഫലമുള്ള അഞ്ചു പേരേയും നേരത്തേ ഐസോലേഷനിലാക്കിയിരുന്ന യുകെ സ്വദേശിയുടെ ഭാര്യയെയും ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേയ്ക്കു മാറ്റി.
രോഗം സ്ഥിരീകരിച്ചവരെല്ലാം 60 മുതല്‍ 80 വയസു വരെ പ്രായമുള്ളവരാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അതേ സമയം രോഗമില്ലെന്നു വ്യക്തമായവര്‍ക്കു യാത്രാ രേഖകള്‍ ശരിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്നതിനു തടസമില്ല. പോസിറ്റീവായി ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളവര്‍ നേരത്തേ ട്രാക്ക് ചെയ്ത് നിരീക്ഷണത്തിലാക്കിയിരുന്നവരാണ്. ഇവരുടെ സഞ്ചാര പഥങ്ങളും ട്രാക് ചെയ്തിരുന്നു. ഇവരുടെയെല്ലാം പ്രാഥമിക ബന്ധങ്ങളും കണ്ടെത്തിയതാണ്. അതുകൊണ്ടു തന്നെ ആശങ്കയ്ക്ക് വകയില്ലെന്നു മന്ത്രി അറിയിച്ചു.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ എണ്ണത്തില്‍ ജില്ലയില്‍ ഇന്നു വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെവരെ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 1158 പേര്‍ എന്നായിരുന്നു കണക്കെങ്കില്‍ ഇന്നത് 4194 ആയി ഉയര്‍ന്നിട്ടുണ്ട്. ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള പ്രോട്ടോക്കോള്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിയതോടെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലായതും കഴിഞ്ഞ ദിവസങ്ങളില്‍ ഫീല്‍ഡില്‍ നിന്നു ലഭിച്ച കണക്കുകള്‍ ഒരുമിപ്പിച്ചപ്പോള്‍ ഉണ്ടായ വര്‍ധനയുമാണ് എണ്ണം കൂടുന്നതിന് ഇടയാക്കിയതെന്നു കലക്ടര്‍ വിശദീകരിച്ചു.
കോവിഡ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കുന്ന എല്ലാ സംവിധാനങ്ങളും സ്വകാര്യ ആശുപത്രികളും ഒരുക്കണം എന്ന നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാന 24 ആശുപത്രികളിലായി 197 ഐസോലേഷന്‍ കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. 94 ഐസിയു കിടക്കകളും ആറു വാര്‍ഡുകളിലായി 120 ബെഡുകളും തയാറാണ്. സ്വകാര്യ ആശുപത്രികളിലടക്കം ഒപിയിലും ഐപിയിലുമെല്ലാം അഡ്മിഷനുകള്‍ എടുക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ക്വാറന്റീനിലുള്ളവര്‍ക്കു ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നുണ്ട്. വിഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള ചികിത്സാ സംവിധാനങ്ങള്‍, കൗണ്‍സിലിങ്ങ്, കോള്‍ സെന്റര്‍ സര്‍വീസുകള്‍ എല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഏതു സാഹചര്യത്തേയും നേരിടാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു മന്ത്രി വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates