

പാലക്കാട് : മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധം രാഷ്ട്രീയകൊലപാതകമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. കൊലപാതകത്തില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ല. രാഷ്ട്രീയ കൊലപാതകമായി കാണണ്ടേതില്ല. കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും പിതാവ് സിറാജുദ്ദീന്‍ വ്യക്തമാക്കി.
പ്രതികളും സഫീറും തമ്മില്‍ മുമ്പും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്. നേരത്തെ അവര്‍ ലീഗ് പ്രവര്‍ത്തകരായിരുന്നു. പിന്നീട് സിപിഎമ്മിലും സിപിഐയിലുമായി ചേരുകയായിരുന്നുവെന്നും സഫീറിന്റെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ കൂടി പിടികൂടണമെന്നും സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു.
സഫീറിനെ കൊലപ്പെടുത്തിയത് സിപിഐയിലെ ഗുണ്ടകള്‍ ആണെന്നായിരുന്നു മുസ്ലിം ലീഗ് ആരോപിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിപ്പടിയിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാരശാലയുടെ ഉടമയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ സഫീറിനെ ഞായറാഴ്ച രാത്രി ഒന്‍പതു മണിക്കാണ് ഒരു സംഘമാളുകള്‍ കടയില്‍ കയറി ആക്രമിച്ചത്. വട്ടമ്പലത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീനിന്റെ മകനാണ് സഫീര്‍. സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് മുസ്ലിം ലീഗ് ഹർത്താൽ ആചരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates