'സസ്‌പെന്‍ഷന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ കുതന്ത്രം'; കന്യാസ്ത്രീകള്‍ വീണ്ടും സമര വഴിയില്‍

'സസ്‌പെന്‍ഷന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ കുതന്ത്രം'; കന്യാസ്ത്രീകള്‍ വീണ്ടും സമര വഴിയില്‍

കേരളത്തിന് പുറത്തെത്തിച്ച് മാനസികമായും ശാരീരികമായും തളര്‍ത്താനാണ് ശ്രമിക്കുന്നതെന്നുമാണ് സംഘടനയുടെ ആരോപണം. 
Published on

കൊച്ചി; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരേ മൊഴി നല്‍കിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് എന്ന സംഘടനയാണ് സമരത്തിന് ഇറങ്ങുന്നത്. സ്ഥലംമാറ്റ ഉത്തരവിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ കുതന്ത്രമാണെന്നും കന്യാസ്ത്രീകളെ കേരളത്തിന് പുറത്തെത്തിച്ച് മാനസികമായും ശാരീരികമായും തളര്‍ത്താനാണ് ശ്രമിക്കുന്നതെന്നുമാണ് സംഘടനയുടെ ആരോപണം. 

ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രണ്ടുമണി മുതല്‍ കോട്ടയം പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്താണ് കണ്‍വെന്‍ഷന്‍ നടക്കും. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച കന്യാസ്ത്രീകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തേക്കുമെന്ന് എസ്.ഒ.എസ്. ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു. ഫ്രാങ്കോ ബിഷപ്പ് സ്ഥാനത്ത് തുടരുന്നത് തുടര്‍നടപടിയെ ബാധിക്കും. അതിനാല്‍ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടണമെന്നും ഷൈജു വ്യക്തമാക്കി. അല്ലാത്ത പക്ഷം സംസ്ഥാനവ്യാപക സമരം നടത്തുമെന്നും വ്യക്തമാക്കി. 

സ്ഥലംമാറ്റ ഉത്തരവിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ കുതന്ത്രമാണ്. ജാമ്യത്തിലുള്ള ഫ്രാേങ്കായ്ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീകളെ കേരളത്തിന് പുറത്ത് എത്തിക്കാനാണ് നീക്കം. ഇവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി ശാരീരികവും മാനസികവുമായി തളര്‍ത്തി പ്രതിക്ക് അനൂകൂലസാഹചര്യം സൃഷ്ടിക്കാനാണ് ശ്രമമെന്നും സമിതി നേതൃത്വം കുറ്റപ്പെടുത്തി.

സ്ഥലംമാറ്റം തല്‍ക്കാലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപതാ അപ്പൊസ്‌തൊലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഗ്‌നലോ ഗ്രേഷ്യസിന് കത്തയച്ചിരുന്നു. മുംബൈയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ജലന്ധറില്‍ എത്തിയിട്ടുണ്ട്. വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടുമോയെന്ന് വ്യക്തമല്ല. കന്യാസ്ത്രീകള്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com