കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സിപിഐ സംസ്ഥാന നേതൃത്വം. പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയത്. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്നും സംസ്ഥാന നേതൃത്വം പറയുന്നു. അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശം. എന്നാല്‍ ജില്ലാകമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു.
പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി തേടിയത്. അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിര്‍ദ്ദേശത്തോടെയാണ് അനുമതി നല്‍കിയതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയില്‍ ഡിഐജി ഓഫീസ് മാര്‍ച്ചാക്കി മാറ്റുകയായിരുന്നു. പാര്‍ട്ടി തലത്തില്‍ തെറ്റിദ്ധരിപ്പിക്കലുണ്ടായെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു.
മാര്‍ച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ അന്വേഷണവും നടപടികളും ഉണ്ടായേക്കും. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പൊലീസ് അതിക്രമത്തെ തള്ളിപ്പറയാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ തയ്യാറാകാത്തതില്‍ പാര്‍ട്ടിക്കുളളില്‍ അമര്‍ഷം ശക്തമാണ്. കെ ഇ ഇസ്മയില്‍ അടക്കമുള്ളവര്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates