

ഇസ്ലാമിനെ സംരക്ഷിക്കാനെന്ന പേരില്‍ സൈബര്‍ ലോകത്ത് 'ആങ്ങള' ചമയുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് അധ്യാപികയുടെ കുറിപ്പ്. മുസ്ലിം സമുദായത്തെ അന്യവത്കരിക്കാനുള്ള കൃത്യമായ അജന്‍ഡയോടെയുള്ള ശ്രമങ്ങളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ഇസ്ലാമിനുവേണ്ടി പടവെട്ടുന്നു എന്നു സ്വയം കരുതുന്ന സൈബര്‍ ആങ്ങളമാര്‍ ചെയ്യുന്നതെന്ന്, പൊന്നാനി കോളജ് അധ്യാപിക അമീറ ആയിഷാ ബീഗം സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. മുസ്ലിംകളെ കശാപ്പുകാരനും കൊള്ളക്കാരനുമായി സ്ത്രീലമ്പടനുമായി ചിത്രീകരിച്ച സാഹിത്യവും സിനിമയും മാറ്റത്തിന്റെ വഴിയിലേക്കു വന്നുതുടങ്ങുമ്പോഴാണ് സ്ത്രീകളെ തെറി പറയുന്ന സൈബര്‍ മുസ്ലിം സഹോദരന്‍ കടന്നുവരുന്നതെന്ന് അമീറ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അമീറ ആയിഷാബീഗത്തിന്റെ കുറിപ്പ്:
പറയാതിരിക്കാന്‍ വയ്യാത്തത് കൊണ്ട് മാത്രം.
കൃത്യമായ അജണ്ടയോടെ മുസ്ലിം സമുദായത്തെ അന്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ എങ്ങനെ ചെറുത്തു നില്‍ക്കണം എന്ന ധാരണ പോലും ഇല്ലാതെ അവരുദ്ദേശിച്ച കള്ളിയിലേക്ക്
ഓടി കയറാന്‍ ഉത്സാഹിക്കുകയും, കഥയറിയാതെ ആട്ടം കാണുക മാത്രമല്ല, കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇസ്ലാമിന് വേണ്ടി പടവെട്ടുന്നു എന്ന് സ്വയം കരുതുന്ന സൈബര്‍ ആങ്ങളമാര്‍ ചെയ്യുന്നത്. ഇത് വിവേകമുള്ളവര്‍ ചൂണ്ടിക്കാട്ടിയാലും, എന്തിനെയും ആലോചനയില്ലാതെ എതിര്‍ക്കുകയും ഒച്ചയിടുകയും ചെയ്യുന്നതാണ് ആണത്വവും ദീനീസ്‌നേഹവും എന്ന് കരുതുന്ന, അല്ലെങ്കില്‍ തങ്ങളാണ് മതത്തിന്റെ കാവല്‍ക്കാര്‍ എന്ന ധാരണ പരത്താന്‍ ശ്രമിക്കുന്ന ചിലര്‍ വെറുതെ ഒച്ചയിട്ടു കൊണ്ടിരിക്കുന്നത് എത്രത്തോളം അരോചകവും ജുഗുപ്‌സാവഹവും ആണ് എന്നത് ആരോട് പറയാന്‍.
നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ മലയാള സിനിമയും സാഹിത്യവും എങ്ങിനെ ആണ് ഇന്നലെകളില്‍ മുസ്ലിം സ്വത്വം അടയാളപ്പെടുത്തിയത് എന്ന്? എങ്ങിനെ ആണ് നാളെ നിങ്ങളെയും എന്നെയും അടയാളപ്പെടുത്താന്‍ പോകുന്നത് എന്ന്.
മുസ്ലിം സ്വത്വ നിര്‍മിതിയുടെ പാതയിലേക്ക് വര്‍ഷങ്ങള്‍ വൈകി ഓടുന്ന ട്രെയിനുകളാണ് മേല്പറഞ്ഞ സാഹിത്യവും സിനിമയും.
ടി എല്‍ സ്‌ട്രെഞ്ചിന്റെയും എച് വി കൊളോണിയുടെയും ബുക്കാനന്റെയും റിക്കാര്‍ഡ്‌സന്റെയും കൊളോണിയല്‍ ഭരണഭാഷ്യ അവശേഷിപ്പുകളായ വാര്‍പ്പ് മാതൃകകള്‍ രക്തദാഹികളും മതഭ്രാന്തരും വര്‍ഗീയ വാദികളുമായ നിന്ദ്യനും നീചനും അവിശ്വസ്തരും സ്ത്രീലമ്പടന്മാരുമായ മാപ്പിളമാരുടെതായിരുന്നു. സാമ്രാജ്യത്വത്തിന് ഭീഷണി ഉയര്‍ത്തിയ മലബാര്‍ കലാപത്തിന് പ്രതികാരമായി അവര്‍ വെച്ച് കെട്ടി തന്ന ഈ മാറാപ്പില്‍ നിന്നുള്ള വിമോചന സമരമായിരുന്നു പിന്ന്‌നീട് മുസ്ലിം സമുദായ സാംസ്‌കാരിക പരിഷ്‌കര്‍ത്താക്കള്‍ നടത്തിയത്.
കശാപ്പുകാരനും കൊള്ളക്കാരനും സ്ത്രീലമ്പടനും കള്ളക്കടത്തുകാരനും നിരക്ഷരനും ബഹുഭാര്യാത്വവും വിവാഹമോചനവും തൊഴിലാക്കിയവരുംബോംബ് നിര്‍മാതാക്കളും രമ്യ ഹര്‍മ്യങ്ങളില്‍ താമസിക്കുന്നവരും അഭ്രപാളികളില്‍ സ്ഥിരം കാഴ്ചയായപ്പോള്‍ സാഹിത്യവും അതില്‍ നിന്നും ഭിന്നമായ ഒരു പാത്രീകരണം കാഴ്ചവെച്ചില്ല. 'ദുരവസ്ഥയില്‍' അവര്‍ണ്ണരുടെ അവസ്ഥയെ ചൊല്ലി വിലപിച്ച ആശാന്‍ 'ക്രൂരമുഹമ്മദീയനെയും' 'ഭള്ളാര്‍ന്ന ദുഷ്ടമുഹമ്മദന്‍മാരെയും' 'അള്ളാ മതത്തില്‍ പിടിച്ചു ചേര്‍ക്കുന്നവരെയും' കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.വള്ളത്തോളിന്റെ 'കാട്ടെലിയുടെ കഥ' എന്ന കവിതയിലെ 'മ്ലേച്ഛനും' 'നായര്‍ സ്ത്രീയും മുഹമ്മദീയനും ' എന്ന കവിതയിലെ 'രാക്ഷസരൂപനായ തട്ടിപ്പറിക്കാരന്‍ മുഹമ്മദീയനും' ഇതേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട മാതൃകകള്‍ ആണ്. മുസ്ലിംനെഗറ്റീവ് ചിത്രീകരണങ്ങള്‍ക്കു ഇനിയും ഒരുപാട് ഉദാഹരണങ്ങള്‍ നമുക്കു കണ്ടെത്താന്‍ കഴിയും.
പിന്നീടുള്ള ദശകങ്ങളില്‍ വിദ്യാഭ്യാസത്തിലൂടെയും പ്രൗഢമായ ജോലികളിലൂടെയും മുസ്ലിം സമൂഹം പുരോഗതി അടയാളപ്പെടുത്തിയപ്പോള്‍ പോലും ശീലിച്ചു വന്ന മാതൃകകളില്‍ നിന്ന് വല്ലാതെ വ്യതിചലിക്കാന്‍ കഴിയാതെയുള്ള ചിത്രീകരണമായിരുന്നു. എങ്കില്‍ പോലും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന തിരിച്ചറിവ് സാഹിത്യത്തിലും സിനിമയിലും വന്നു തുടങ്ങുമ്പോഴാണ് ഇറച്ചിവെട്ടുകാരനും കള്ളക്കടത്തുകാരനും അരങ്ങൊഴിയുന്ന ഇടത്തിലേക്ക് സ്ത്രീകളെ തെറി പറയുന്ന സൈബര്‍ മുസ്ലിം സഹോദന്മാര്‍ കടന്നു വരുന്നത്.
സാംസ്‌കാരിക പഠനങ്ങളില്‍ ഓരോ കാലഘട്ടത്തിലെയുംസിനിമയും സാഹിത്യവും മാത്രമല്ല ഒരു ഫോട്ടോഗ്രാഫ് പോലും വഴികാട്ടിയാകും. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കേരള മുസ്ലിം പുരുഷ സമൂഹം അടയാളപ്പെടുത്തപ്പെടുമ്പോള്‍ നമ്മുടെ എല്ലാം ഫേസ്ബുക് പോസ്റ്റുകളും കമന്റുകളും അവരെ എങ്ങിനെയായിരിക്കും ചിത്രീകരിക്കുക? അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്കു മുസ്ലിം സമൂഹം നടത്തിയ പ്രയാണത്തിന്റെ നേട്ടങ്ങളെ റദ്ദ് ചെയ്ത് അവരെ അസഹിഷ്ണുക്കളും സ്ത്രീവിരുദ്ധരുമായി അടയാളപ്പെടുത്താന്‍ ഇനിയും നിന്ന് കൊടുക്കണോ?
ബാബ്‌റി മസ്ജിദാനന്തരം, ഗുജറാത്ത് വംശഹത്യാനന്തരം ഉണ്ടായ ത്രീവവാദികളെന്ന സങ്കല്പവും കുടത്തില്‍ നിന്നിറക്കി വിട്ട ലവ് ജിഹാദ് ഭൂത ഭീതിയും നമ്മുടെ പൊതുബോധത്തില്‍ കുടിയൊഴിപ്പിക്കാനാകാത്ത വിധം പാര്‍പ്പ് തുടങ്ങിയിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദു സ്ത്രീയെ വശംവദയാക്കുന്ന മുസ്ലിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ ഒരിക്കലും പൊട്ടിച്ചെറിയാനാകാത്ത വിധം നമ്മുടെ അബോധത്തിലേക്കു തുന്നിച്ചേര്‍ക്കുന്നതിനു ഹാദിയ വിഷയത്തിന്റെ സംഭാവനയും ചെറുതല്ല. ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയം മതത്തിന്റെ അരിപ്പയിലൂടെ അരിച്ചിറങ്ങിയപ്പോള്‍ അത് നഞ്ചു കലര്‍ത്തിയത് ഇവിടത്തെ മതസൗഹാര്‍ദ്ദത്തിന്റെ കോപ്പയിലാണ്. കൗതുകം പൂണ്ടിരിക്കുന്ന കൊതുകുകള്‍ക്ക് ചോരയൂറ്റാന്‍ മുസ്ലിം പുരുഷഭീതിയുടെ അകിട് ചുരത്തി കൊണ്ടേയിരിക്കും.വരും കാലങ്ങളില്‍ നാം പറയേണ്ടി വരും ഹാദിയ വിഷയത്തിലെ പരസ്പര പോര്‍വിളികള്‍ ഇവിടത്തെ മതനിരപേക്ഷതയെ കുഴിമൂടാന് ആയി നാം ഓരോരുത്തരും എറിഞ്ഞ മണ്തരികള്‍ ആയിരുന്നു എന്ന്.
ഇങ്ങനെ പുരോഗമന ജനാധിപത്യ മതേതരഇടങ്ങളെ ഇല്ലാതാക്കാനായി നടക്കുന്ന ബോധപൂര്‍വമായ നാടകത്തില്‍ അസുര വേഷം ആടാന്‍ എന്തിനാണ് നിന്ന് കൊടുക്കുന്നത്?പത്ര ടീവി മാധ്യമങ്ങള്‍ വരെ അന്യവത്ക്കരണത്തിന്റെ വേദികളാകുമ്പോള്‍ എന്താണ് വിശ്വാസി സമൂഹം ജാഗ്രത കാണിക്കാത്തത്?
സോഷ്യല്‍ മീഡിയയിലൂടെ നിങ്ങള്‍ അഭിമാനപൂര്‍വം പ്രചരിപ്പിച്ച ഒരു പോസ്റ്റ് കണ്ടു. വിശ്വാസിനികള്‍ രത്‌നകല്ലുകളും മറ്റുള്ളവര്‍ അമ്മിക്കല്ലുകളുമാണെന്നു വിലയിരുത്തുന്ന ഒരു പോസ്റ്റ്‌സത്യം പറഞ്ഞാല്‍ ഭയവും നിരാശയുമാണ് തോന്നിയത്... ആ പോസ്റ്റ് എഴുതിയ ആള്‍ക്കും അത് ഷെയര്‍ ചെയ്തവര്‍ക്കും തങ്ങളുടെ ധാരണ തിരുത്താന്‍ മാത്രമുള്ള ഒരു അമുസ്ലിം സുഹൃത്തോ അധ്യാപികയോ അസുഖം വരുമ്പോള്‍ ചികിത്സിച്ച ഡോക്ടറോ ഒന്നും വേണ്ട ബസിലെ യാത്രയില്‍ അടുത്തിരുന്നു യാത്ര ചെയ്യുമ്പോള്‍ ഒരു നനുത്ത പുഞ്ചിരി നല്‍കിയ ഒരുമുത്തശ്ശിയോ പോലും ഇല്ലെങ്കില്‍ എത്രത്തോളം പരാജയപ്പെട്ട സമൂഹത്തിലാണ് നാം ജീവിക്കുന്നത്? മത വിശ്വാസം ഉരകല്ലാകുന്ന ഒരു സാമൂഹിക ബോധത്തെ പേറികൊണ്ട് പിന്നെ ഏതു ഫാസിസ്റ്റു ശക്തികള്‍ക്കെതിരെയാണ് നാം പട നയിക്കുന്നത്? ചിന്തയിലും വാക്കിലും എഴുത്തിലും നാം പുലര്‍ത്തുന്നതും മതാന്ധതതയും ഫാസിസവുമല്ലേ? അന്യസമുദായ സ്ത്രീകളെ ഇങ്ങനെ വിലകുറഞ്ഞ ഉപമ കൊണ്ട് വിശേഷിപ്പിക്കാന്‍ നിങ്ങളെ പഠിപ്പിച്ച മതം ഏതായാലും അത് ഇസ്‌ലാം മതമായിരിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സൈബര്‍ ലോകത്ത് ജിഹാദിനിറങ്ങിയ ആങ്ങളമാര്‍ ഒന്നിറങ്ങി വരാമോ? ഫ്‌ലാഷ് മോബിനിറങ്ങിയ, പര്‍ദ്ദയെ കുറിച്ചു പറഞ്ഞ, നിങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ എഴുതുന്ന, പാട്ടു പാടുന്ന മുസ്ലിം സ്ത്രീകളെ എല്ലാം തിരഞ്ഞു പിടിച്ചു തെറി പറയുന്ന നിങ്ങള്‍ കണ്ടിട്ടുണ്ടോ പണക്കാരന്റെ വീട്ടിലെ കല്യാണ ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ വിലകുറഞ്ഞ മേക്അപ്പും വസ്ത്രവും ധരിച്ചു വിയര്‍ത്തൊലിച്ചു അന്യ ആണുങ്ങളുടെ മുന്നില്‍ ഒപ്പന കളിക്കുന്ന പെണ്‍കുട്ടികളെ? തുച്ഛമായ തുകയ്ക്ക് അവിടെ വരേണ്ടി വരുന്ന പെണ്‍കുട്ടികളെ നോക്കി രസിച്ചതല്ലാതെ ആ കല്യാണം നിങ്ങള്‍ ബഹിഷ്‌കരിച്ചിട്ടുണ്ടോ? പെണ്‍കുട്ടികളെ പ്രദര്ശിപ്പിക്കുന്നതിനു അവിടെ വെച്ച് തന്നെ നിങ്ങള്‍ ആരെയെങ്കിലും ചീത്ത വിളിച്ചിട്ടുണ്ടോ?
മലപ്പുറത്തെ പെണ്‍കുട്ടികള്‍ ധരിച്ചതിനെക്കാളും ആകര്‍ഷണീയമായ വസ്ത്രമല്ലേ നമ്മുടെ ഒപ്പനക്കാരികളും ഇടുന്നത്? അപ്പോള്‍ ഈ മതബോധം ധാര്‍മിക രോഷം എല്ലാം എവിടെ പണയം വെച്ചു? പ്രവാചക ചര്യ മുറുകെ പിടിക്കുന്നു എന്ന് നിങ്ങള്‍ അവകാശപ്പെടുന്നല്ലോ. ആകട്ടെ. ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന ക്ഷമയോടെ ഉത്തരം കൊടുത്തിരുന്ന പ്രവാചകനെ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? പ്രവാചകന്‍ പഠിപ്പിച്ചിരുന്ന മഹര്‍ സമ്പ്രദായം നിങ്ങള്‍ എത്ര പേര് പിന്‍പറ്റിയിട്ടുണ്ട്? സ്ത്രീധനം കണക്കു പറഞ്ഞു വാങ്ങിക്കാന്‍ ഏത് പ്രവാചകന്‍ ആണ് നിങ്ങളെ പഠിപ്പിച്ചത്? പൊതിഞ്ഞു സൂക്ഷിക്കണം നമ്മുടെ പെണ്ണുങ്ങളെ അന്യമതത്തിലെ കാക്കയും കഴുകനും കൊണ്ട് പോകാതെ എന്ന് പറയുന്നല്ലോ നിങ്ങള്‍? എത്ര സഹോദരിമാരുണ്ട് സ്ത്രീധനം ഇല്ലാതെ വീട്ടില്‍ നില്‍ക്കേണ്ടി വന്നു പ്രായം കടന്നു പോയി അന്യമതസ്ഥരുടെ കൈപിടിക്കേണ്ടി വന്നവര്‍? നിങ്ങളുടെ കൊള്ളരുതായ്മകള്‍ കൊണ്ട് കോടതി വരാന്തയില്‍ കണ്ണീരു ഉണങ്ങിയ മുഖവും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നില്‍ക്കുന്നവര്‍? ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ നഗ്‌നമായി ലംഘിച്ചു കൊണ്ട് രണ്ടും മൂന്നും നാലും കെട്ടി അവരെയും കുഞ്ഞുങ്ങളെയും വറുതിയിലാഴ്ത്തിയവര്‍? അനാഥരുടെ അന്നത്തില്‍ കയ്യിട്ട് വാരുന്നവര്‍? പലിശപ്പണം കൊണ്ട് ജീവിക്കുന്നവര്‍? കള്ളിനും കഞ്ചാവിനും അടിമപ്പെട്ട് കുടുംബത്തെ നോക്കാത്തവര്‍? ഇവരെയൊക്കെ നിങ്ങള്‍ നന്നാക്കി കഴിഞ്ഞോ?
കലയുടെ മതം പറയുന്ന നിങ്ങള്‍ പറഞ്ഞു തരാമോ? ഫോട്ടോ എടുക്കലും കലകള്‍ അവതരിപ്പിക്കുന്നതും സിനിമ അഭിനയവും ഹലാലിലേക്കു മാറി വരുമ്പോള്‍ അതൊക്കെ ആണിനുള്ളത് മാത്രമാണോ?അപ്പോള്‍ ഇസ്ലാം പറഞ്ഞു തന്ന ആണ്‍ കലകളും പെണ്‍കലകളും ഒന്ന് പറഞ്ഞു തരാമോ? മുസ്ലിം ആണ്‍കുട്ടികള്‍ ഫ്‌ലാഷ്‌മോബ് കളിക്കുന്നതിന്റെ മതവിധി എന്താണ്? മുസ്ലിം സ്ത്രീകളോ അന്യമതസ്ഥരായ സ്ത്രീകളോ അത് ആസ്വദിക്കുന്നതിന്റെ മതവിധി എന്താണ്?
ഫ്‌ലാഷ് മൊബ് കളിക്കണമെങ്കില്‍ മതത്തിനു പുറത്തു പോകണമെന്ന് ഫത്വപുറപ്പെടിക്കുന്നവരോട്...സിനിമയില്‍ അന്യസ്ത്രീകളോട് ഇഴുകി അഭിനയിക്കുന്ന മമ്മൂട്ടി, ഫഹദ് തുടങ്ങിയ എല്ലാ നടന്മാരോടും മതത്തില്‍ നിന്ന് പുറത്തു പോകാന്‍ പറഞ്ഞു ആക്രോശങ്ങള്‍ നടത്താമോ? പെരുന്നാള്‍ ദിനത്തില്‍ ഭക്തപരവശനായ മഹാനടന്റെ ഫോട്ടോ പലപ്പോഴും ഞാന്‍ പത്രത്തില്‍ കണ്ടിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പള്ളിയില്‍ നിന്ന് പുറത്താക്കാന്‍ മുറവിളികൂട്ടിയ ഒരു വിശ്വാസി സമൂഹത്തെ പറ്റി ഞാന്‍ എവിടെയും വായിച്ചില്ല.
ഈപെണ്‍കുട്ടികളുടെ വാളുകളില്‍ പോയി നിങ്ങടെ ഫ്രസ്‌ട്രേഷന്‍ ഛര്‍ദിച്ചു തീര്‍ക്കുവാന്‍ നിങ്ങള്‍ കാണിച്ച ഉത്!സാഹമാണോ ആ കുട്ടികളുടെ ഡാന്‍സ് ആണോ മതത്തെ അപമാനിക്കുന്നത്? നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ത്രീക്ക് അഭൂതപൂര്‍വമായ സ്വാതന്ത്ര്യം നല്‍കിയെന്ന് ഞാന്‍ കരുതുന്ന മതം അത്യന്തം സ്ത്രീ വിരുദ്ധമാണെന്നു മുദ്രകുത്തിക്കാനായി നിങ്ങള്‍ ആരുടെ കയ്യില്‍ നിന്നാണ് ക്വട്ടെഷന്‍ വാങ്ങിയത്? അടുപ്പൂതി പാവകളും പ്രസവയന്ത്രങ്ങളും ഉറക്കമരുന്നുകളും മാത്രമാണ് മുസ്ലിം സ്ത്രീ എന്ന് വരുത്തി തീര്‍ക്കുന്നത് ഏത് രഹസ്യ അജണ്ട പ്രകാരമാണ്? അസഹിഷ്ണുത അരുതെന്നു പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ മതഭ്രാന്തരാണെന്നു വരുത്തി തീര്‍ത്തു നിങ്ങള്‍ ആരുടെ കയ്യിലെ കളിപ്പാട്ടമാണാകുന്നത്?
മതത്തെ സ്‌നേഹിക്കുന്നുവരല്ലേ നിങ്ങള്‍? അണുവിട തെറ്റാതെ ജീവിക്കുന്നവര്‍? എങ്കില്‍ ഇസ്‌ലാമിന്റെ ഉദാത്തമായ പല ആശയങ്ങളും വളച്ചൊടിച്ചു കൊണ്ട് ബഹുഭാര്യാത്വം, തലാഖ് തുടങ്ങിയ പലവിഷയങ്ങളിലും ഇസ്ലാം മതവിശ്വാസികളെ ഒരു മതേതര സമൂഹത്തില്‍ അപമാനിതരാക്കുന്ന പോലെ ഹിസ്റ്റീരിക് ആയി പ്രഭാഷണങ്ങള്‍ നടത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന, മതജ്ഞാനികള്‍ ആയി സ്വയം അവരോധിച്ചവര്‍ക്കെതിരെ നിങ്ങള്‍ തിരിയാത്തതെന്താ? ആര്‍ത്തവ കാലത്തു പെണ്ണിന്റെ ചൂട് അറിയാന്‍ പറ്റാതെ ഉറക്കം വരാത്തവര്‍ക്ക് വേറെ പെണ്ണ് കെട്ടാമെന്നു പറയുന്നവരെയും ഭര്‍ത്താവിന് സ്വര്‍ഗം കിട്ടാന്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെ കൂടെ സന്തോഷത്തോടെ സ്വീകരിച്ചു സ്വര്‍ഗത്തിലേക്ക് ഫാമിലി ടിക്കറ്റ് എടുക്കണമെന്ന് പറയുന്നവരെയും ഇസ്ലാമിക വിരുദ്ധരെന്നു വിളിക്കാന്‍ നിങ്ങളുടെ നാവു പൊന്താത്തതെന്താ?
മഹല്ല്കമ്മിറ്റികളോടു ചോദിക്കാം...
പലപ്പോഴും കാണാറുണ്ട് മഹല്ല് കമ്മിറ്റികള്‍ കുടുംബങ്ങളെ പുറത്താക്കി അംഗങ്ങളെ പുറത്താക്കി എന്നൊക്കെ. അന്യസ്ത്രീയെ ഭര്‍ത്സിക്കുക എന്ന വന്‍ പാപം ചെയ്ത മഹല്ല് അംഗങ്ങളെ നിങ്ങള്‍ പുറത്താക്കുമോ? അല്ലെങ്കില്‍ ഒരു വാണിംഗ് എങ്കിലും നല്‍കാമോ? ഫ്‌ലാഷ് മൊബ് കളിക്കുന്ന പെണ്‍കുട്ടികളുടെ നില്‍പ് കണ്ടു ആട് പെറാന്‍ പോകുന്ന പോലെ എന്ന് പുലമ്പിയ ആങ്ങളയോട് ഒന്ന് പറയാമോ സ്ത്രീശരീരത്തിന്റെ വടിവിനെ കുറിച്ചു ഗവേഷണം നടത്താനായി നോക്കുന്നതും പാപമാണെന്ന്. അന്യസ്ത്രീയുടെ ശരീരം കാണുമ്പോള്‍ നീ ദൃഷ്ടി താഴ്ത്തൂ പടപ്പേ എന്ന്.
സമുദായ നേതാക്കളോട്...
പരസ്യമായി അപലപിക്കാമോ ഈ തെറ്റിനെ?
ഫ്‌ലാഷ്‌മോബിന്റെ ഇസ്‌ലാമിക വശം പറഞ്ഞില്ലെങ്കിലും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചു പറഞ്ഞില്ലെങ്കിലും
ഈ തെറി വിളിക്കല്‍ സംസ്‌കാരത്തെ പരസ്യമായി തള്ളി പറയാമോ?
ചോദിക്കാമോ?
അന്യ സ്ത്രീയെ തെറി വിളിക്കുന്ന മുസ്ലിം സഹോദരാ നിനക്കു മരിച്ചു പോകേണ്ടേ എന്ന്?
തയ്യാറല്ലെങ്കില്‍ ഞാന്‍ പറയാം പലര്‍ക്കും വേണ്ടി
നിനക്കു തട്ടമിട്ടു കൂടെ പെണ്ണെ എന്നും നരകത്തിലെ വിറകു കൊള്ളിയാകണോ പെണ്ണെ എന്നും പടച്ചവനെ മറക്കല്ലേ പെണ്ണെ എന്നും വിലപിക്കുന്ന മുസ്ലിം സഹോദരന്മാരെ... ശരിക്കും സങ്കടമുണ്ട്‌ട്ടോ.
ഇവരൊക്കെ നന്നായി പോയി സ്വര്‍ഗത്തില്‍ എത്തുമ്പോള്‍ അവിടെ നിങ്ങളെ കാണാന്‍ കഴിയില്ലല്ലോ...
ഇവരെ നന്നാക്കാനുള്ള യത്‌നത്തില്‍ നിങ്ങള്‍ ചെയ്ത അമല് കൊണ്ട് സിറാതുല്‍ മുസ്തഖീം പാലത്തില്‍ കയറുമ്പോഴേ നിങ്ങള്‍ വീണു പോകില്ലേ?
കാരണം
അഭിപ്രായം പറയുന്ന സ്ത്രീകളെ എല്ലാം വേശ്യകളാക്കി ചിത്രീകരിക്കുന്ന നിങ്ങള്‍ വേശ്യാവൃത്തിയേക്കാളും പാപമായ കാര്യമാണല്ലോ ചെയ്യുന്നത്.
സ്ത്രീകളെ അപവാദം പറയുന്നത് വന്‍പാപങ്ങളില്‍ ഉള്‍പ്പെടുത്തുകയും വേശ്യാവൃത്തി പോലും അതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തവനെ... നിന്റെ ദീര്ഘവീക്ഷണത്തിനു നിനക്കു സ്തുതി.
അങ്ങിനെ സ്വയം നരകത്തിന്റെ നിര്ബന്ധിതാവകാശികളായി കൊണ്ടാണെങ്കിലും നമ്മുടെ സഹോദരിമാര്‍ക്ക് സ്വര്‍ഗം നേടികൊടുക്കാനുള്ള നിങ്ങളുടെ ത്യാഗ മനോഭാവം ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു.
എന്നാലും സൈബര്‍ ജിഹാദികളെ , നിങ്ങളുടെ മനോവൈകല്യത്തിന് മരുന്ന് തിരയേണ്ട ഇടം ഇതല്ല. വെറുതെ ഈ ഇടത്തെ നിങ്ങള്‍ ഇങ്ങനെ മലീമസമാക്കല്ലേ...
'Islam is the best religion and Muslims are the worst followers'
എന്ന് ബെര്‍ണാഡ് ഷാ പറഞ്ഞെങ്കില്‍ അത് ശരി വെക്കുകയാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates