

ആലപ്പുഴ: ഒറ്റയ്ക്കു താമസിച്ച അവിവാഹിതയായ റിട്ട.നഴ്‌സിന് ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി ബന്ധനസ്ഥയാക്കി നാലര പവന്‍ കവര്‍ന്ന കേസില്‍ കമിതാക്കള്‍ക്ക് 10 വര്‍ഷം തടവും 50,000 രൂപ വീതം പിഴയും.
കൊല്ലം പവിത്രേശ്വരം പുഷ്പമംഗലത്ത് വീട്ടില്‍ ദില്‍ജിത്ത് (കണ്ണന്‍-25), കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിനു സമീപംഅരങ്ങത്തുമാരി വീട്ടില്‍ സംഗീത (ഗീത-38) എന്നിവരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. നീലംപേരൂര്‍ 2-ാം വാര്‍ഡില്‍ മണമേല്‍ വീട്ടില്‍ ചിന്നമ്മ കുര്യന്റെ (67) സ്വര്‍ണമാണു കവര്‍ന്നത്. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ 3 മാസം കൂടി തടവ് അനുഭവിക്കണം.
2014 ജൂലൈ രാത്രി 8.30ന് ആയിരുന്നു സംഭവം. പതിവായി ഇത്തരം തട്ടിപ്പ് നടത്തുന്ന ഇവര്‍ ചിന്നമ്മയെ യാത്രയ്ക്കിടെയാണ് പരിചയപ്പെട്ടത്. ദമ്പതികളാണെന്നു വിശ്വസിപ്പിച്ച് അവരുടെ വീട്ടിലെത്തി.
രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു. അത്താഴത്തിനു ശേഷം മയക്കുമരുന്ന് കലക്കിയ പാനീയം ഇരുവരും ചേര്‍ന്നു ചിന്നമ്മയെ നിര്‍ബന്ധിപ്പിച്ചു കുടിപ്പിച്ചു. വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയിട്ടു. മാലയും വളയും ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘം കടന്നു. ആലപ്പുഴ കരൂരില്‍ സമാനമായ കേസില്‍ ഇവര്‍ അറസ്റ്റിലായതോടെ ആണ് ഈ കേസും തെളിഞ്ഞത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
