കൊച്ചി : സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റേത് ദുരൂഹമായ ഇടപാടുകളാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രളയദുരിതാശ്വാസ സഹായം തേടി 2018 ഒക്ടോബര്‍ മാസത്തിലെ അഞ്ചുദിവസം നീണ്ട ഗള്‍ഫ് സന്ദര്‍ശനത്തിനിടെ, സ്വപ്‌നയുടെ പല കൂടിക്കാഴ്ചകളും സംശയാസ്പദമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ കൊച്ചിയിലെ സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച നാലുപേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമാണ് സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.
ഓഗസ്റ്റ് 13 ന് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചില വസ്തുകള്‍ വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയുടെ പ്രവര്‍ത്തനങ്ങള്‍ വഴിവിട്ടതാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെയും, കേസില്‍ പ്രതികളായ സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരേയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശിവശങ്കര്‍ സ്വപ്‌ന സുരേഷുമൊത്ത് മൂന്നു തവണ വിദേശയാത്ര നടത്തിയിരുന്നു. 2017 ഏപ്രിലില്‍ സ്വപ്നയുമൊന്നിച്ച് യുഎഇയിലേക്ക് യാത്ര ചെയ്‌തെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 2018 ഏപ്രിലില്‍ ശിവശങ്കര്‍ ഒമാനിലെത്തി. അവിടെ വെച്ച് സ്വപ്നയെ കാണുകയും പിന്നീട് ഒരുമിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ. സന്ദര്‍ശത്തിനിടയിലും ഇരുവരും കണ്ടു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് സ്വപ്നയും ഇക്കാര്യം ശിവശങ്കറും സമ്മതിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന സമ്മതിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി
ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് സ്വപ്ന ലോക്കര്‍ ഓപ്പണ്‍ ചെയ്തത്. സ്വര്‍ണവും പണവും ലോക്കറില്‍ വെച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 2018ന് ശേഷം നടന്ന യാത്രകളിലാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗുകള്‍ വഴി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates