

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുമായി സർക്കാർ നടത്തിയ ചർച്ച വിജയം. കാസര്‍കോട് നിന്നുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ തിരുവനന്തപുരത്ത് നടത്തിവന്ന സമരമാണ് അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്.
സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2017ൽ മെഡിക്കൽ സംഘം കണ്ടെത്തിയവർക്കും ആനുകൂല്യങ്ങൾ നൽകാൻ ചർച്ചയിൽ ധാരണയായി. അന്ന് 18 വയസ് പൂർത്തിയായവർക്ക് ആനുകൂല്യം നൽകാനാണ് തീരുമാനം. സമര സമിതിയുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നത്. സമര സമിതി നേതാക്കള്‍ ഉടന്‍ തീരുമാനം മാധ്യമങ്ങളെ അറിയിക്കും. സമരപ്പന്തലില്‍ വച്ചാവും ഇതുസംബന്ധിച്ച പ്രഖ്യാപനം.
സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരുന്നു. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി. ഇതിന് പിന്നാലെയാണ് സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ഒൻപത് കുട്ടികളടക്കം 30 പേരടങ്ങുന്ന സംഘമാണ് സമരമിരുന്നത്. സാമൂഹിക പ്രവര്‍ത്തക ദയാബായി മാത്രമായിരുന്നു പട്ടിണി സമരമിരുന്നത്.
ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരുമെന്നായിരുന്നു സമര സമിതി നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates