

തിരുവനന്തപുരം: സർവേക്കല്ല് മോഷണത്തിനെതിരേ നിയമസഭയിൽ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കരമന-കളിയിക്കാവിള ദേശീയപാതയിൽ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകൾ മോഷ്ടിച്ചവർക്ക് റോഡെന്തിനെന്നു ചോദിച്ചാണ് കെ ആൻസലന്റെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞുതുടങ്ങിയത്. ഇത്തരം ചീപ്പായ പരിപാടികൾ അവസാനിപ്പിക്കണമെന്നും കല്ല് മോഷ്ടിക്കുന്നത് അടക്കമുള്ള ‘കുണ്ടാമണ്ടി’കളാണ് കാട്ടുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
കുണ്ടാമണ്ടി എന്ന വാക്കു കേട്ടതോടെ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ വിൻസെന്റ് എഴുന്നേറ്റു. മോഷ്ടിച്ചത് നാട്ടുകാരല്ലെന്നും അപമാനിക്കരുതെന്നും വിൻസെന്റ് പറഞ്ഞു. ഇതൊന്നും പറഞ്ഞാൽ വോട്ടുകിട്ടില്ലെന്നും നിങ്ങളോട് തർക്കത്തിനില്ലെന്നും പോയി കല്ല് കണ്ടുപിടിക്കെന്നും മന്ത്രി തിരിച്ചടിച്ചു. വാഗ്വാദം മുറുകിയതോടെ ‘എന്നാൽ നിങ്ങൾ മറുപടി പറയൂ’ എന്നുപറഞ്ഞ് മന്ത്രി ഇരുന്നു. പിന്നാലെ വിൻസെന്റും ഇരുന്നതോടെയാണ് മന്ത്രി മറുപടി പുനരാരംഭിച്ചത്.
‘‘കല്ല് സൂക്ഷിക്കാൻ എം.എൽ.എ.ക്കു പറ്റുമോ..? നാട്ടുകാരെ ആക്ഷേപിച്ചിട്ടില്ല. ഇതിനെയൊന്നും പിന്തുണയ്ക്കരുത്. കല്ലുകൾ പുനഃസ്ഥാപിക്കാൻ കളക്ടറോട് നിർദേശിച്ചിട്ടുണ്ട്’’-മന്ത്രി പറഞ്ഞു. വഴിമുക്ക് കളിയിക്കാവിള പാതയുടെ കരട് അലൈൻമെന്റിന്മേൽ നാട്ടുകാർ വേറെ അലൈൻമെന്റ് നിർദേശിച്ചു. ഇതേക്കുറിച്ച് സാധ്യതാപഠന സർവേ നടത്തുമെന്നും മന്ത്രി അറിയിച്ചു.
തർക്കത്തിനിടെ, കല്ലുമോഷണം ‘കുണ്ടാമണ്ടി’യാണെന്നുള്ള മന്ത്രിയുടെ പ്രയോഗം രേഖകളിൽനിന്ന് നീക്കട്ടേയെന്ന് സഭ നിയന്ത്രിച്ച ഇ എസ് ബിജിമോൾ ചോദിച്ചു. അപ്പോൾ ‘അതിനെന്താ കുഴപ്പം, തടസ്സം എന്നല്ലേ അർഥം. അവിടെ കിടക്കട്ടെ’ എന്നായി മന്ത്രി സുധാകരൻ. നാട്ടുകാരെ അപമാനിക്കരുതെന്നുപറഞ്ഞ് പ്രതിഷേധവുമായി എഴുന്നേറ്റ എം വിൻസന്റും മന്ത്രിയുടെ മറുപടി കേട്ടതോടെ ‘സൈലന്റാ’യി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates