ഹൈക്കോടതി വിധി സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ശ്രമത്തിനേറ്റ കനത്ത തിരിച്ചടി; കാനം രാജേന്ദ്രന്‍ 

ഇടതുപക്ഷ ജനാധിരപത്യ മുന്നണിയുടേയും മന്ത്രിസഭയുടേയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതു കൂടിയാണ് വിധിയെന്ന് കാനം
ഹൈക്കോടതി വിധി സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ശ്രമത്തിനേറ്റ കനത്ത തിരിച്ചടി; കാനം രാജേന്ദ്രന്‍ 
Updated on
2 min read

തൃശൂര്‍: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റുകാരനല്ലയെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും മന്ത്രിസഭയുടേയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതു കൂടിയാണ് വിധിയെന്ന് കാനം പ്രസ്താവനയില്‍ പറഞ്ഞു. 

സിബിഐയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ സിപിഐ നേരത്തെ തന്നെ  തുറന്നുകാട്ടിയിട്ടുള്ളതാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിത നിലപാടുകള്‍ക്കുള്ള താക്കീത് കൂടിയാണ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിധി വന്നതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ തിരുവനന്തപുരം സിബിഐ കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.  കുറ്റപത്രം റദ്ദാക്കിയതിന് എതിരായ സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറാണ് കേസിന് ആസ്പദമായത്. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താ്ത്പര്യമുണ്ടെന്നും ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ആക്ഷേപം. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തില്‍ സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടായിട്ടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടിലാണ് ചൂണ്ടിക്കാട്ടിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ് ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാറുണ്ടാക്കിയത്. അന്തിമ കരാര്‍ ഒപ്പുവച്ചത് പിണറായി വിജയന്‍ ഇകെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതമന്ത്രിയായിരിക്കെയാണ്.

നവീകരണ കരാറിനോട് അനുബന്ധിച്ചുള്ള ധാരണ അനുസരിച്ച് മലബാര്‍ കാന്‍സര്‍ സെന്ററിനു ലാവലിനില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം ലഭിക്കാതെ പോയതാണ് ആക്ഷേപത്തിന് കാരണമായത്. ഇതിനു പിന്നില്‍ പിണറായി വിജയന്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കേസ് അന്വേഷിച്ച സിബിഐ വാദിച്ചത്. കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും ആരോപിക്കപ്പെടുന്ന ക്രമക്കേടിനോ ഗൂഢാലോചനയ്‌ക്കോ ഒരു തെളിവുമില്ലെന്നു കാണിച്ച് പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സിബിഐ കോടതി കുറ്റപത്രം റദ്ദാക്കുകയായിരുന്നു. 2013 നവംബര്‍ അഞ്ചിനാണ് സിബിഐ കോടതി കുറ്റപത്രം റദ്ദാക്കിയത്.

കുറ്റപത്രം റദ്ദാക്കിയതിന് എതിരെ സിബിഐ നല്‍കിയ റിവ്യൂ പെറ്റിഷനിലാണ് ഹൈക്കോടതി വിധി. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് ലാവലിനുമായി കരാറുണ്ടാക്കിയത് മന്ത്രിസഭ അറിയാണെന്ന വാദമാണ് സിബിഐ പ്രധാനമായും ഉന്നയിച്ചത്. ഇടപാടിന് പിണറായി അമിത താല്‍പര്യം കാണിച്ചുവെന്നും സിബിഐ ആരോപിച്ചു. ഗൂഢാലോചനയ്ക്കു തെളിവായി പിണറായി വിജയന്റെ കാനഡ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാട്ടി.  

നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയത്. ഇതില്‍ വൈദ്യുത ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് മറച്ചുവയ്ക്കുകയാണ് ചെയ്തതെന്നും സിബിഐ ആരോപിച്ചു. ലാവലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ ആശയത്തിന്റെ പുറത്തുണ്ടായതായിരുന്നു. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോള്‍ പൂര്‍ണ നവീകരണം ആവശ്യമില്ലെന്ന ബോധ്യമുണ്ടായിട്ടും പൂര്‍ണ നവീകരണത്തിന് കരാറുണ്ടാക്കിയെന്നും സിബിഐ ആരോപിച്ചു. 

തെളിവുകളില്ലാത്ത കഥയാണ് ലാവലിന്‍ കേസെന്ന പേരില്‍ സിബിഐ കെട്ടിച്ചമച്ചതെന്ന, സിബിഐ കോടതിയില്‍ ഉന്നയിച്ച അതേ വാദമാണ് ഹൈക്കോടതിയിലും പിണറായിയുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. ലാവലിന്‍ ഇടപാടില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നതായി ഒരു തെളിവും സിബിഐക്കു മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് പിണറായിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com