​സെക്രട്ടേറിയറ്റ് തീപിടിത്തം; സംഘർഷ ഭൂമിയായി തലസ്ഥാന ന​ഗരം; ജല പീരങ്കി പ്രയോ​ഗിച്ചു

സെക്രട്ടേറിയറ്റ് തീപിടിത്തം; സംഘർഷ ഭൂമിയായി തലസ്ഥാന ന​ഗരം; ജല പീരങ്കി പ്രയോ​ഗിച്ചു
​സെക്രട്ടേറിയറ്റ് തീപിടിത്തം; സംഘർഷ ഭൂമിയായി തലസ്ഥാന ന​ഗരം; ജല പീരങ്കി പ്രയോ​ഗിച്ചു
Updated on
2 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തലസ്ഥാനത്ത് മൂന്നര മണിക്കൂറോളമാണ് പ്രതിഷേധം അരങ്ങേറിയത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നു തവണ ജല പീരങ്കി പ്രയോഗിച്ചു. 

പൊലീസ് കമ്മീഷണർ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് രാത്രി 9.20 ഓടെയാണ് സംഘർഷം അവസാനിച്ചത്. ചർച്ചയ്ക്ക് പിന്നാലെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി. 

വൈകീട്ട് 5.30 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ്, യുവമോ‍ർച്ച, യൂത്ത് ലീഗ് പ്രവർത്തകർ നോർത്ത് ഗേറ്റിനു മുന്നിൽ തടിച്ചുകൂടി. തുടർന്ന് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവർത്തകരെ തടഞ്ഞു. വലിയ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. 

പിരിഞ്ഞുപോകാനുള്ള പൊലീസിന്റെ നിർദേശം അവഗണിച്ച് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

പ്രതിഷേധം രാത്രി 8.45 വരെ ശക്തമായി തുടർന്നു. അതിന് ശേഷം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങൾ കത്തിച്ചും പ്രതിഷേധം തുടരുകയായിരുന്നു. 

വൈകീട്ട് തീപിടിത്തമുണ്ടായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സ്ഥലത്തെത്തുകയും സംഭവ സ്ഥലത്തേയ്ക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. തുടർന്ന് ഇവർ സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് സെക്രട്ടേറിയറ്റിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, വിടി ബൽറാം, ശബരീനാഥ് എന്നിവരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

തീപിടിത്തമുണ്ടായ ഉടനെ തന്നെ  ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവരെ  അറസ്റ്റ് ചെയ്ത പൊലീസ് നടപടി സംഘർഷത്തിന് ഇടയാക്കി. സ്വർണക്കള്ളക്കടത്ത് അടക്കമുള്ളവയുടെ അതി പ്രധാനമായ ഫയലുകൾ സൂക്ഷിക്കുന്ന സ്ഥലമാണ് ഇവിടമെന്നും തീ പിടിച്ചതല്ല തീവെച്ചണെന്നും  സുരേന്ദ്രൻ ആരോപിച്ചു. ഇതിന് പിന്നാലെ കൂടുതൽ ബിജെപി പ്രവർത്തകരെത്തി കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയായിരുന്നു.

നേരത്തെ മാധ്യമങ്ങളും പ്രതിഷേധക്കാരും സെക്രട്ടേറിയറ്റിന് അകത്ത് കയറിയതോടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി ആളുകളെ നിയന്ത്രിക്കുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com